ന്യൂഡൽഹി
ജമ്മു- കശ്മീരിൽ കോൺഗ്രസിന്റെ പൂർണമായ തകർച്ചയ്ക്ക് വഴിയൊരുക്കുംവിധം ജമ്മുവിൽ ആയിരങ്ങളെ അണിനിരത്തി മഹാറാലി സംഘടിപ്പിച്ച് ഗുലാംനബി ആസാദ്. ജമ്മു കശ്മീർ കോൺഗ്രസിൽനിന്ന് സമീപകാലത്ത് രാജിവച്ച മുതിർന്ന നേതാക്കളെല്ലാം റാലിക്കെത്തി. കോൺഗ്രസ് വിട്ടശേഷം ആദ്യമായി ജമ്മുവിലെത്തിയ ഗുലാംനബിക്ക് അനുയായികൾ ഊഷ്മളമായ സ്വീകരണമൊരുക്കി.
പുതിയ പാർടിയുടെ ആദ്യ യൂണിറ്റ് ജമ്മു -കശ്മീരിലായിരിക്കുമെന്ന് ഗുലാംനബി റാലിയിൽ പ്രഖ്യാപിച്ചു. പാർടിയുടെ പേര് തീരുമാനിച്ചിട്ടില്ല. പേരും കൊടിയുമൊക്കെ കശ്മീർ ജനത തീരുമാനിക്കും. എല്ലാവർക്കും മനസ്സിലാകുന്ന ഒരു ഹിന്ദുസ്ഥാനി പേരായിരിക്കും പാർടിക്ക്. ജമ്മു-കശ്മീർ ജനതയുടെ അവകാശങ്ങൾക്കായി നിലകൊള്ളും. പൂർണ സംസ്ഥാനപദവി, ഭൂ അവകാശം, തൊഴിലവസരങ്ങൾ, കശ്മീർ പണ്ഡിറ്റുകളുടെ പുനരധിവാസം എന്നീ ആവശ്യങ്ങൾ ഉയർത്തും. കോൺഗ്രസ് വിട്ടതിന്റെ പേരിൽ അപമാനിക്കാനാണ് ശ്രമം. എന്നാൽ, കംപ്യൂട്ടറുകളിലും ട്വീറ്റുകളിലും മാത്രമായി ഒതുങ്ങുന്നതാണ് അവരുടെ പരിധി. അതുകൊണ്ടാണ് എവിടെയും അടിത്തട്ടിൽ കോൺഗ്രസ് ഇല്ലാത്തത്. താൻ ബിജെപിയെ സഹായിക്കുന്നുവെന്നാണ് ആക്ഷേപം. ബിജെപിയുമായി ഒരു സഹകരണവുമില്ല–- ഗുലാംനബി പറഞ്ഞു.
ജമ്മു -കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഗുലാംനബിയുടെ പാർടി നിലവിൽ വരുമെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി എം സരൂരി പറഞ്ഞു. സെപ്തംബർ 12 വരെ അദ്ദേഹം ജമ്മു-കശ്മീരിലുണ്ടാകും. നാല് മേഖലയും സന്ദർശിച്ച് ജനങ്ങളുമായി സംവദിക്കും–- സരൂരി പറഞ്ഞു. രാഹുൽ ഗാന്ധി കോൺഗ്രസിനെ നശിപ്പിച്ചെന്ന് ആരോപിച്ച് ആഗസ്ത് 26നാണ് ഗുലാംനബി പാർടി വിട്ടത്. സോണിയ ഗാന്ധിക്കയച്ച നീണ്ട രാജിക്കത്തിൽ രാഹുലിനെ നിശിതമായി വിമർശിച്ചിരുന്നു. രാഹുലിന്റെ ഏറാൻമൂളികളാണ് കോൺഗ്രസിൽ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അനുഭവസമ്പത്തുള്ള നേതാക്കളെ ഒതുക്കുകയാണെന്നും ഗുലാംനബി കുറ്റപ്പെടുത്തിയിരുന്നു.