തിരുവനന്തപുരം> ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ആർഎസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യമായ ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അത് വെറും പ്രഖ്യാപനത്തിൽ ഒതുങ്ങില്ല. ബഹുവംശങ്ങൾ രാജ്യത്തുവേണ്ട, ഹിന്ദുക്കൾ മാത്രം മതി എന്ന നിലപാടാണ് അവർ സ്വീകരിക്കാൻ ഇടവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി കെ മധു രചിച്ച ‘ഉരിയാട്ടം നിലയ്ക്കുന്ന വാക്കുകൾ’ എന്ന പുസ്തകം പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് അങ്ങനെയൊരു സാഹചര്യം വരാതിരിക്കണമെങ്കിൽ വർഗീയതയ്ക്കെതിരെയും മതനിരപേക്ഷതയ്ക്കും ജനാധിപത്യ അവകാശങ്ങൾക്കും ഭരണഘടനാ സ്വാതന്ത്ര്യത്തിനും വേണ്ടിയും നിലകൊള്ളുന്ന പ്രസ്ഥാനം ഉയർന്നുവരണം. ഓരോ വിഭാഗം ജനങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുയർത്തി കേന്ദ്ര ഭരണത്തിനെതിരായ വലിയ പോരാട്ടങ്ങളും സമരങ്ങളും വളർത്തിക്കൊണ്ടുവരണം.
പാർലമെന്റും സുപ്രീംകോടതിയും ഉൾപ്പെടെയുള്ള പാർലമെന്ററി സംവിധാനങ്ങളെ അർധ സൈന്യമാണ് ഇപ്പോൾ നിയന്ത്രിക്കുന്നത്. അർധ സൈന്യമെന്നാൽ ആർഎസ്എസ് തന്നെ. ഈ ഫാസിസ്റ്റ് കടന്നുകയറ്റം ജനതയെ മിണ്ടാട്ടമില്ലാത്തവരാക്കി മാറ്റുന്നതെങ്ങനെയെന്ന് വി കെ മധുവിന്റെ പുസ്തകം വിശദമായി പ്രതിപാദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.