ന്യൂഡൽഹി
സംഘപരിവാർ ബോംബ് നിർമാണ പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതും ബോംബ് സ്ഫോടനങ്ങൾ നടത്തുന്നതും ഉന്നത ആർഎസ്എസ് നേതാക്കളുടെ അറിവോടെയാണെന്ന് മഹാരാഷ്ട്രയിലെ നാന്ദേഡ് കോടതിയെ സമീപിച്ച ആര്എസ്എസ് പ്രവര്ത്തകന് യശ്വന്ത് ഷിൻഡെ വെളിപ്പെടുത്തി. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് അടക്കമുള്ള ഉന്നത നേതാക്കളെ ബോംബ് നിർമാണത്തെക്കുറിച്ചും സ്ഫോടനങ്ങളെക്കുറിച്ചും നേരിൽക്കണ്ട് ധരിപ്പിച്ചു. എന്നാൽ, പരാതി ഗൗരവത്തിലെടുത്തില്ല. അതോടെ ഉന്നതരുടെ അറിവോടെയാണ് ഇവയെല്ലാമെന്ന് ബോധ്യപ്പെട്ടു–- ഷിൻഡെ മാധ്യമങ്ങളോട് പറഞ്ഞു. “ഹൃദയംകൊണ്ട് ഞാന് ആർഎസ്എസുകാരനാണ്. ഹിന്ദുത്വ ആശയത്തിൽ വിശ്വസിക്കുന്നതുകൊണ്ടാണ് നിശ്ശബ്ദനായിരുന്നത്. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ കൈവിട്ട് പോകുകയാണ്. അധികാരത്തിൽ തുടരാൻ രാജ്യത്തെ ധ്രുവീകരിക്കുന്നു. ഇനിയും നിശ്ശബ്ദത പാലിക്കാനാകില്ലെന്ന് മനസ്സ് പറഞ്ഞതുകൊണ്ടാണ് കോടതിയെ സമീപിച്ചത്. ഇനി കൂടുതൽ തുറന്നുപറച്ചിലുകളുണ്ടാകും.
2014നുശേഷം ധ്രുവീകരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനമുണ്ട്. ആർഎസ്എസിനെ ശുദ്ധീകരിക്കുകയാണ് എന്റെ ലക്ഷ്യം. പതിനെട്ടാം വയസ്സുമുതൽ ആർഎസ്എസ് പ്രവർത്തകനാണ്. ഒമ്പതുവർഷം ജമ്മു കശ്മീരിൽ പ്രവർത്തിച്ചു. 1995ൽ രജൗരിയിൽ ഫാറൂഖ് അബ്ദുള്ളയെ ആക്രമിച്ചതിന് എനിക്കെതിരെ കേസെണ്ട്. മുതിർന്ന നേതാവ് ഇന്ദ്രേഷ് കുമാറിന്റെ സഹായി ആയിരുന്നു. ഈ ഘട്ടത്തില് നാന്ദേഡിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഹിമാൻഷു പാൻസെയും മറ്റ് ഏഴുപേരും ജമ്മുവിലെത്തി സൈനികരിൽനിന്ന്ആയുധ പരിശീലനം നേടി. 1998ൽ മുംബൈയിലേക്ക് മടങ്ങി.
വിഎച്ച്പി മുംബൈ ഘടകം നേതാവായി. 2003ൽ പുണെ സിംഗെഡിൽ ബോംബ് നിർമാണ പരിശീലന ക്യാമ്പിൽ പങ്കെടുത്തു. നിലവിൽ വിഎച്ച്പി ദേശീയ സംഘാടകനായ മിലിന്ദ് പരന്ദെയും ഉത്തരാഖണ്ഡിലെ വിഎച്ച്പി നേതാവായ രവിദേവും ആയിരുന്നു മുഖ്യസംഘാടകർ. മിഥുൻ ചക്രവർത്തി എന്നറിയപ്പെട്ട രവിദേവാണ് ബോംബ് നിർമാണം പരിശീലിപ്പിച്ചത്. 2003ൽ മറാത്ത്വാഡയിൽ മൂന്നിടത്തായി പള്ളികൾ ലക്ഷ്യമിട്ട് സ്ഫോടനങ്ങൾ നടത്തി. 2004ൽ ബിജെപിക്ക് കേന്ദ്രഭരണം നഷ്ടമായപ്പോൾ പലരും ഒളിവിൽപ്പോയി.
2006ൽ നാന്ദേഡിൽ ഒരു വീട്ടിൽ ബോംബ് നിർമിക്കുന്നതിനിടെയാണ് ഹിമാൻശു പൻസെയും വീട്ടുടമയുടെ മകൻ നരേഷും കൊല്ലപ്പെട്ടത്. ഇപ്പോഴും കോടതിയിലുള്ള കേസെന്ന നിലയിലാണ് നാന്ദേഡിൽ സത്യവാങ്മൂലം സമർപ്പിച്ചത്’–- ഷിൻഡെ പറഞ്ഞു.
സിബിഐക്ക് കോടതി നോട്ടീസ് അയച്ചു
ആർഎസ്എസ് പ്രവർത്തകൻ യശ്വന്ത് ഷിൻഡെ നൽകിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ സിബിഐക്കും പ്രതികൾക്കും നാന്ദേഡ് കോടതി നോട്ടീസ് അയച്ചതായി അഭിഭാഷകൻ സംഘമേശ്വർ ദൽമാദെ അറിയിച്ചു. സെപ്തംബർ 22നകം മറുപടി നൽകണം. നാന്ദേഡ് സ്ഫോടനക്കേസിൽ സാക്ഷിയായി പരിഗണിക്കണമെന്നാണ് ഷിൻഡെയുടെ ആവശ്യം. കേസ് ആദ്യം അന്വേഷിച്ച മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സ്ക്വാഡ് ഷിൻഡെയുടെ ആരോപണങ്ങൾ ശരിവയ്ക്കും വിധമായിരുന്നു ആദ്യം കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ, കേസ് ഏറ്റെടുത്ത സിബിഐ നാന്ദേഡ് സ്ഫോടനം ഒറ്റപ്പെട്ടതാണെന്ന നിലപാടിലായിരുന്നു.