മോസ്കോ
പൂർണ ഔദ്യോഗിക ബഹുമതിയോ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ സാന്നിധ്യമോ ഇല്ലാതെ സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവിന്റെ വിടവാങ്ങൽ. ഹാൾ ഓഫ് കോളംസിലെ പൊതുദർശനശേഷം നൊവോഡെവിചി സെമിത്തേരിയിലായിരുന്നു സംസ്കാരം. 1999ൽ അന്തരിച്ച ഭാര്യ റെയ്സയ്ക്ക് സമീപത്തായാണ് അടക്കം ചെയ്തത്.
ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബൻ, റഷ്യയിലെ യുഎസ് അംബാസഡർ ജോൺ സള്ളിവൻ തുടങ്ങിയവർക്കൊപ്പം ജർമ്മനി, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളുടെ അംബാസഡർമാരും അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. ലെനിൻ, സ്റ്റാലിൻ, ബ്രഷ്നേവ് തുടങ്ങിയ പ്രമുഖരുടെ അന്ത്യയാത്രയ്ക്ക് വേദിയായ ഹാൾ ഓഫ് കോളംസിൽ ഗോർബച്ചേവിന് സൈനിക ബഹുമതി നൽകി. എന്നാൽ, പൂർണ ഔദ്യോഗിക ബഹുമതി ഉണ്ടായില്ല. ഔദ്യോഗിക തിരക്കുകൾ ഉള്ളതിനാൽ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പുടിൻ അറിയിച്ചിരുന്നു. ആശുപത്രിയിലെത്തി പുടിൻ നേരത്തെ അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു.
റഷ്യൻ പ്രസിഡന്റായ ബോറിസ് യെൽസിൻ 2007ൽ അന്തരിച്ചപ്പോൾ ദേശീയ ദുഃഖാചരണവും പൂർണ ഔദ്യോഗിക ബഹുമതിയും നൽകിയിരുന്നു.