ന്യൂഡൽഹി
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജി–-23 വിഭാഗം മൽസരിക്കുമെന്ന് തീർച്ചയായതോടെ രാഹുൽ ഗാന്ധിയുടെ മനസ്സ് മാറ്റാൻ കുടുംബഭക്ത നേതാക്കൾ ശ്രമം തീവ്രമാക്കി. വിദേശത്തുനിന്ന് ശനിയാഴ്ച മടങ്ങിയെത്തിയ രാഹുലിനോട് പ്രസിഡന്റ്സ്ഥാനം ഏറ്റെടുക്കാൻ മുതിർന്ന നേതാക്കൾ നേരിട്ട് അഭ്യർഥിക്കും. പ്രസിഡന്റാകാനില്ലെന്ന നിലപാട് രാഹുൽ തിരുത്തില്ലെന്ന് തീർത്തും പറയാനാകില്ലെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച ഡൽഹി രാംലീല മൈതാനിയിൽ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളുയർത്തി കോൺഗ്രസിന്റെ റാലിയുണ്ട്. രാഹുലാണ് മുഖ്യപ്രാസംഗികൻ. തുടർന്ന്, ബുധനാഴ്ച കന്യാകുമാരിമുതൽ ശ്രീനഗർ വരെയുള്ള ഭാരത് ജോഡോ യാത്ര തുടങ്ങും. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാഹുലാണ് ജോഡോ യാത്ര നയിക്കുന്നത്.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പ്രസിഡന്റാക്കാനുള്ള നീക്കം പാളിയതോടെയാണ് സ്തുതിപാഠസംഘം രാഹുലിനെത്തന്നെ ആശ്രയിക്കുന്നത്. ശശി തരൂർ മൽസരിക്കുമെന്ന ആശങ്കയുമുണ്ട്. വോട്ടർപട്ടികയിലും മറ്റും തിരിമറി നടത്തിയാലും മൽസരം കടുക്കുമെന്ന ഭീതിയിലാണ് സ്തുതിപാഠകർ. നല്ലൊരു ശതമാനം വോട്ടുപിടിക്കാൻ തരൂരിനായാൽ രാഹുൽ വാഴ്ചയ്ക്കെതിരായ നീക്കങ്ങൾക്ക് കരുത്തുകൂടും.