കേപ് കാനവാർ
ആർട്ട്മസ് 1 വിക്ഷേപണം സാങ്കേതിക തകരാറിനാൽ വീണ്ടും മുടങ്ങി. കൗണ്ട്ഡൗൺ പുരോഗമിക്കവേ റോക്കറ്റിൽ ദ്രവ ഹൈഡ്രജൻ ഇന്ധനം ചോർന്നതിനെ തുടർന്നാണ് വിക്ഷേപണം തടസ്സപ്പെട്ടത്.
മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്നതിന് മുന്നോടിയായുള്ള ആളില്ലാ പരീക്ഷണ വിക്ഷേപണം ശനിയാഴ്ച രാത്രി 11.47ന് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. കൗണ്ട്ഡൗൺ അവസാനിക്കാൻ ആറ് മണിക്കൂർ അവശേഷിക്കവേയാണ് ടാങ്കിൽനിന്ന് ഇന്ധനം ചോരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത് പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
കഴിഞ്ഞ ഞായറാഴ്ച നടത്താനിരുന്ന വിക്ഷേപണവും അവസാന നിമിഷം മാറ്റിവയ്ക്കേണ്ടിവന്നിരുന്നു. അന്നും റോക്കറ്റിന്റെ നാല് കോർ സ്റ്റേജ് എൻജിനുകളിൽ ഒന്നിലുണ്ടായ തകരാറിനെത്തുടർന്ന് ഇന്ധനച്ചോർച്ച ഉണ്ടായി. എല്ലാ പ്രശ്നവും പരിഹരിച്ച ശേഷമാണ് വീണ്ടും വിക്ഷേപണത്തിന് തയ്യാറായതെന്ന് നാസ അറിയിച്ചിരുന്നു. ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം നടത്തേണ്ടിയിരുന്നത്.