ന്യൂഡൽഹി
രാജ്യത്തെ ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങളിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. അക്രമങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത എട്ടുസംസ്ഥാനങ്ങളോട് രണ്ടുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
യുപി, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, കർണാടക, ഹരിയാന, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങൾക്കാണ് നോട്ടീസ്. ഓരോ പരാതിയിലും എന്ത് നടപടി സ്വീകരിച്ചെന്ന് അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗളൂരു ആർച്ച് ബിഷപ് പീറ്റർ മച്ചാഡോയ്ക്ക് പുറമേ നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ എന്നീ സംഘടനകളും സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് ഇടപെടൽ. 2021ൽ ക്രിസ്ത്യാനികൾക്കെതിരെ 505 ആക്രമണവും 2022 മെയ് വരെ 250 ആക്രമണസംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഹർജിക്കാർ അറിയിച്ചു.