കൊച്ചി
ഇന്ത്യയുടെ ആദ്യ തദ്ദേശനിർമിത വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് നാവികസേനയുടെ ഭാഗമായി. വെള്ളിയാഴ്ച കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കമീഷൻ ചെയ്തത്. ഇതോടെ, സ്വന്തമായി വിമാനവാഹിനിക്കപ്പൽ രൂപകൽപ്പന ചെയ്യാനും നിർമിക്കാനും ശേഷിയുള്ള ആറാമത്തെ രാജ്യമായി ഇന്ത്യ
ചടങ്ങിനോടനുബന്ധിച്ച്, നാവികസേനാംഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ പ്രധാനമന്ത്രി സ്വീകരിച്ചു. നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ, കൊച്ചിൻ ഷിപ്യാഡ് സിഎംഡി മധു എസ് നായർ എന്നിവർ സംസാരിച്ചു. കപ്പലിന്റെ കമാൻഡിങ് ഓഫീസർ ക്യാപ്റ്റൻ വിദ്യാധർ ഹാർകെ കമീഷനിങ് വാറന്റ് വായിച്ചു. വിക്രാന്തിന്റെ ഫ്ലൈറ്റ് ഡെക്കിൽ എത്തി പ്രധാനമന്ത്രി സൈനികരുടെ സല്യൂട്ട് സ്വീകരിച്ചു. അതിനുശേഷം നാവികസേനയുടെ പുതിയ പതാകയും ഉയർത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, തുറമുഖമന്ത്രി സർബാനന്ദ സോനോവാൾ, സഹമന്ത്രി അജയ് ഭട്ട്, ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, നാവികസേനാ ഉപമേധാവി വൈസ് അഡ്മിറൽ എസ് എൻ ഗോർമഡേ, ദക്ഷിണനാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എം എ ഹംപി ഹോളി എന്നിവർ പങ്കെടുത്തു.
കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ, കേരള വ്യവസായമന്ത്രി പി രാജീവ്, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ കെ ജെ മാക്സി, ടി ജെ വിനോദ്, കൊച്ചി മേയർ എം അനിൽകുമാർ, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള തുടങ്ങിയവർ ചടങ്ങിനെത്തി.
ആദ്യമിറങ്ങുക
മിഗ്–29 കെ
വിമാനം
ഐഎൻഎസ് വിക്രാന്തിൽ ആദ്യം പറന്നിറങ്ങുക റഷ്യൻ നിർമിത മിഗ്–-29 കെ യുദ്ധവിമാനം. നാവികസേനയ്ക്കായി പ്രത്യേകം രൂപകൽപ്പനചെയ്ത വിമാനമാണ് ഇറങ്ങുക. കപ്പലിൽനിന്ന് വിമാനങ്ങള്‍ പറന്നുയരുന്നതും ഇറങ്ങുന്നതും ഇന്ധനം നിറയ്ക്കുന്നതും അടക്കമുള്ള കാര്യങ്ങൾ നാവികസേന പരീക്ഷണവിധേയമാക്കും. നാവികസേനയിലെ വൈമാനിക പരിശീലകരായിരിക്കും ഈ ഘട്ടത്തില്‍ വിമാനങ്ങള്‍ പറത്തുക. പിന്നീട് നാവികസേനാ പൈലറ്റുമാരും ട്രെയിനികളും.
സീകിങ് ഹെലികോപ്റ്ററുകളും അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററും വിക്രാന്തിൽ ഇറക്കിയിരുന്നു. അന്തിമഘട്ട പരീക്ഷണങ്ങൾക്കായി വിക്രാന്ത് ഗോവയിലെ ഐഎൻഎസ് ഹാൻസ നേവൽ എയർ സ്റ്റേഷനിലേക്ക് കൊണ്ടുപോകും. പശ്ചിമനാവിക കമാൻഡിനുകീഴിൽ ഒരുവർഷത്തോളം യുദ്ധവിമാനങ്ങളിറക്കി പരീക്ഷണം നടത്തും. അടുത്തവർഷം നവംബറോടെ പൂർണമായും യുദ്ധരംഗത്ത് ഉപയോഗിക്കാനായേക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ച ഐഎൻഎസ് വിക്രാന്തിന്റെ ഡെക്കിൽ യുദ്ധവിമാനങ്ങൾ അണിനിരന്നപ്പോൾ
അഭിവാദ്യവുമായി യുദ്ധവിമാനങ്ങൾ
നാടിന് ആവേശമായി ഐഎൻഎസ് വിക്രാന്തിന്റെ സമർപ്പണം. പ്രധാനമന്ത്രി നരേന്ദ്ര മോദി കപ്പലിലെ ഡെക്കിൽ പതാക ഉയർത്തിയശേഷം ഹെലികോപ്റ്ററുകളിലും യുദ്ധവിമാനങ്ങളിലുമായി സൈനികർ ഐഎൻഎസ് വിക്രാന്തിന് ആദരവ് നൽകി. ആദ്യമെത്തിയത് പുതിയ നാവികസേനാ പതാകയുമായി മൂന്ന് ചേതക് ഹെലികോപ്റ്ററുകൾ. പിന്നാലെ സീ കിങ് ഹെലികോപ്റ്ററുകളും പി–-8 വിമാനവും മിഗ് 29 യുദ്ധവിമാനങ്ങളുമെത്തി.
നാവികസേനയിലെയും കപ്പൽശാലയിലെയും ഉദ്യോഗസ്ഥരെ കൂടാതെ ജനങ്ങളും വിദ്യാർഥികളുമടക്കം ജനസഞ്ചയം ഉദ്ഘാടനവേദിയിൽ എത്തിയിരുന്നു.
നാവികസേനയുടെ വിവിധ കേന്ദ്രങ്ങളിൽനിന്നുള്ളവരും മുൻ ഉദ്യോഗസ്ഥരും പഴയ ഐഎൻഎസ് വിക്രാന്തിൽ സേവനമനുഷ്ഠിച്ചവരും കുടുംബാംഗങ്ങൾക്കൊപ്പം എത്തി. കപ്പൽശാല ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ചടങ്ങുകൾക്കുശേഷം മിക്കവരും കപ്പലിന്റെ ഡെക്കിലെത്തി ചിത്രങ്ങളെടുത്താണ് മടങ്ങിയത്.