ബ്യൂണസ് അയേഴ്സ്
വധശ്രമത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അർജന്റീനിയൻ വൈസ് പ്രസിഡന്റ് ക്രിസ്റ്റ്യാന ഫെർണാണ്ടസ്. അംഗരക്ഷകർക്കൊപ്പം ബ്യൂണസ് അയേഴ്സിലെ വസതിയിലെത്തിയ ക്രിസ്റ്റ്യാന വാഹനത്തിൽനിന്ന് പുറത്തിറങ്ങി മുന്നോട്ട് നടക്കവെ തൊട്ടടുത്ത് എത്തിയ അക്രമി മുഖത്തിനുനേരെ തോക്കുചൂണ്ടി കാഞ്ചി വലിച്ചിട്ടും വെടിയുതിര്‍ന്നില്ല. നിമിഷങ്ങൾക്കുള്ളിൽ ഇയാളെ പൊലീസ് കീഴ്പ്പെടുത്തി. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇടതുപക്ഷനേതാവിനെതിരായ കൊലപാതകശ്രമത്തെ ക്യൂബ, ബൊളീവിയ, ചിലി തുടങ്ങിയ രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു. ബ്രസീലിയൻ പൗരനായ ഫെർണാണ്ടോ ആന്ദ്രേ സബഗ് മോണ്ടി (35) ആണ് ആക്രമിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. നവനാസിസംഘടനകളുമായി ബന്ധമുണ്ടെന്ന് കരുതുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും കണ്ടെത്തി.
ക്രിസ്റ്റ്യാന ഫെർണാണ്ടസിനെതിരെ ഇയാള്‍ നീട്ടിയ തോക്കില്‍ അഞ്ച് വെടിയുണ്ടകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കാഞ്ചിവലിച്ചപ്പോള്‍ തോക്ക് ശരിയായി പ്രവര്‍ത്തിച്ചില്ലെന്ന്, ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രസിഡന്റ് ആൽബെർട്ടോ ഫെർണാണ്ടസ് പറഞ്ഞു. സംഭവത്തില്‍ ഞെട്ടില്‍ രേഖപ്പെടുത്തി പ്രസിഡന്റ് രാജ്യത്ത് ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ചു.
പ്രസിഡന്റായിരുന്ന 2007–- 2015 കാലയളവിൽ പൊതുഫണ്ട് ചെലവഴിച്ചത് സംബന്ധിച്ച് ആൽബെർട്ടോ ഫെർണാണ്ടസിനെതിരെ മറുപക്ഷം അടുത്തിടെ കേസ് കുത്തിപൊക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് രാജ്യമെമ്പാടും ആൽബെർട്ടോ ഫെർണാണ്ടസിനെ അനുകൂലിച്ച് പ്രകടനങ്ങള്‍ നടക്കുന്നുണ്ട്.