മനാമ> ഗള്ഫ് രാജ്യങ്ങളില് കഴിയുന്ന വിദേശികള്ക്കായി സൗദി അറേബ്യ ഇ-ടൂറിസ്റ്റ് വിസ ഏര്പ്പെടുത്തി. 300 റിയാല് (ഏതാണ്ട് 6300 രൂപ) ഫീസും ഇന്ഷുറന്സ് പോളിസി തുകയും നല്കിയാല് ടൂറിസ്റ്റ് വിസ ലഭിക്കും.സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള് സന്ദര്ശിക്കുന്നതിനുപുറമേ സന്ദര്ശികള്ക്ക് ഉംറ നിര്വഹിക്കാനും കഴിയും.
ഒന്നോ അതിലധികമോ തവണ ടൂറിസ്റ്റ് വിസ ഉപയോഗിക്കാം. വിസിറ്റ്സൗദി എന്ന ഓണ്ലൈന് പോര്ട്ടലില് വിസ പേജ് സന്ദര്ശിച്ച് പേരുവിവരങ്ങളും ആവശ്യമായ രേഖകളും നല്കിയാല് ഇ-മെയില് വഴി വിസ ലഭിക്കുമെന്ന് ടൂറിസം ഉപമന്ത്രി ഹൈഫാ ബിന്ത് അല്സൗദ് രാജകുമാരി അറിയിച്ചു.
അപേക്ഷകരുടെ ഗള്ഫിലെ ഇഖാമ കാലാവധി മൂന്നു മാസത്തിലും പാസ്പോര്ട്ട് കാലാവധി ആറുമാസത്തിലും കുറയാന് പാടില്ല. 18 വയസില് കുറവുള്ള കുട്ടികള്ക്ക് വിസ ലഭിക്കാന് രക്ഷിതാവ് ആദ്യം വിസക്ക് അപേക്ഷിക്കണം. ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്ഷിച്ച് സ്വദേശികള്ക്ക് തൊഴിലവസരം വര്ധിപ്പിക്കുകയാണ് രാജ്യം ലക്ഷ്യമിടുന്നത്. 2019 ലാണ് സൗദി ടൂറിസ്റ്റ് വിസ നല്കാന് ആരംഭിച്ചത്.