ദുബായ്> ജൈവവൈവിധ്യ നാശം, മലിനീകരണം, ആവാസവ്യവസ്ഥയുടെ തകർച്ച തുടങ്ങിയ ഗുരുതര വെല്ലുവിളികളെ നേരിടുവാൻ ആഗോളതലത്തിലും പ്രാദേശിക തലത്തിലുമുള്ള രാജ്യങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തണമെന്ന് യുഎഇ കാലാവസ്ഥാ മന്ത്രി മറിയം ബിന്ത് അഹമ്മദ് അൽഹംരി പറഞ്ഞു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിയുടെ ഭാഗമായി ഇന്തോനേഷ്യയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച പരിസ്ഥിതി കാലാവസ്ഥാ മന്ത്രിമാരുടെ സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കാലാവസ്ഥയ്ക്കും പാരിസ്ഥിതിക വെല്ലുവിളികൾക്കും എതിരായ പോരാട്ടത്തിൽ പ്രകൃതി നമ്മുടെ ഏറ്റവും വലിയ സഖ്യകക്ഷിയാണ്. അത് സംരക്ഷിക്കുകയും ഭാവി തലമുറകൾക്ക് വാസയോഗ്യമായ ഒരു ലോകം കൈമാറും എന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. ഈ സാഹചര്യങ്ങൾ നേരിടുന്ന പ്രവർത്തനങ്ങളിൽ ലോകത്തിന്റെ ജാലകങ്ങൾ ചുരുങ്ങുകയാണ് . വാഗ്ദാനങ്ങൾ നിന്നും, പ്രവർത്തനങ്ങളിൽ നിന്നും ലോകരാജ്യങ്ങൾ പുറകോട്ട് പോകുന്നതിന്റെ ഭാഗമായി ഭൂമിയെ സംരക്ഷിക്കാനുള്ള കടമ നിർവഹിക്കാൻ നമുക്ക് കഴിയുന്നില്ല. ഈ യാത്രയിൽ പ്രവർത്തന പദ്ധതികൾ രൂപീകരിക്കുന്നതിന് എല്ലാ വിഭാഗത്തിലുമുള്ള ആളുകളേയും വിശേഷിച്ച് യുവാക്കളേയും സ്ത്രീകളേയും അണിനിരത്തി പ്രവർത്തന പദ്ധതികൾ തയ്യാറാക്കാൻ രാജ്യങ്ങൾക്ക് കഴിയേണ്ടതുണ്ട്.
ഒക്ടോബറിൽ ഇന്തോനേഷ്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിലും നവംബറിൽ ഈജിപ്തിൽ നടക്കാനിരിക്കുന്ന 27 മത് യു എൻ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിലും പരിസ്ഥിതിയെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും എന്ന് അവർ ചൂണ്ടിക്കാട്ടി. 2023ല് യുഎഇയിൽ നടക്കുന്ന COP 28 ന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ ഇത് സഹായകരമാകുമെന്നും അവർ കൂട്ടിച്ചേർത്തു. പാരിസ്ഥിതിക അഭിവൃദ്ധി വർദ്ധിപ്പിക്കുന്നതിന് മുഴുവൻ രാജ്യങ്ങളും എല്ലാവരേയും ഉൾക്കൊള്ളുന്ന സമീപനത്തിലൂടെ പരിസ്ഥിതി – കാലാവസ്ഥ സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും, സഹകരണാത്മകമായ സമീപനമാണ് ഇക്കാര്യത്തിൽ യുഎഇയുടെ ഭാഗത്തുനിന്നും ഉള്ളത് എന്നും അവർ പറഞ്ഞു.
2022 ഒക്ടോബറിൽ ബാലിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്തോനേഷ്യ ക്ഷണിച്ച സ്പെയിൻ, നെതർലാൻഡ്സ്, സിംഗപ്പൂർ എന്നിവയ്ക്കൊപ്പമുള്ള 4 അതിഥി രാജ്യങ്ങളിൽ ഒന്നാണ് യുഎഇ.