ന്യൂഡൽഹി> സംസ്കൃതത്തെ ദേശീയ ഭാഷയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും അഭിഭാഷകനുമായ കെ ജി വൻസാരയുടെ ഹർജിയാണ് ജസ്റ്റിസ് എം ആർ ഷാ, കൃഷ്ണമുരാരി എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. പബ്ലിസിറ്റിക്ക് വേണ്ടി എന്തിന് നോട്ടീസ് നൽകണമെന്ന് ഹർജിക്കാരനോട് ചോദിച്ച കോടതി ഇത് നയപരമായ കാര്യമാണെന്നും പാർലമെന്റിലാണ് സംവാദം നടക്കേണ്ടതെന്നും വിലയിരുത്തി.
ഭരണഘടന ഭേദഗതി ഇതിനായി നടത്തേണ്ടിവരുമെന്നും കോടതി നിരീക്ഷിച്ചു. സംസ്കൃതത്തെ ദേശീയഭാഷയായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നായിരുന്നു വൻസാരയുടെ ആവശ്യം. പ്രഖ്യാപനം നടത്തുന്നത് ഔദ്യോഗിക ഭാഷയായ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളെ ബാധിക്കില്ലന്നും ഹർജിയിൽ അവകാശപ്പെട്ടിരുന്നു.