ന്യൂഡൽഹി
ബംഗ്ലാദേശ് വിമോചനസമരത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ജയിൽവാസം അനുഭവിച്ചതിന്റെ രേഖകൾ ലഭ്യമല്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് (പിഎംഒ) വിവരാവകാശ നിയമപ്രകാരം മറുപടി നൽകി. ബംഗ്ലാദേശിന്റെ 50–-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞവർഷം ധാക്ക സന്ദർശിച്ചപ്പോഴാണ് പ്രധാനമന്ത്രി മോദി ഈ അവകാശവാദം ഉയർത്തിയത്. 20–-22 വയസ്സുള്ളപ്പോൾ, ബംഗ്ലാദേശ് വിമോചനത്തിനായിസത്യഗ്രഹം നടത്തിയെന്നും അറസ്റ്റ് വരിച്ച് ജയിലിൽ പോയെന്നുമാണ് അവകാശപ്പെട്ടത്.ഈ അവകാശവാദം വ്യാപകമായി ചോദ്യംചെയ്യപ്പെട്ടു. 1971 ആഗസ്തിൽ ജനസംഘം ഡൽഹിയിൽ ധർണ നടത്തിയത് ഇന്ത്യ–-സോവിയറ്റ് കരാറിൽ പ്രതിഷേധിച്ചായിരുന്നെന്ന് ശുദ്ധബ്രത സെൻഗുപ്ത ചൂണ്ടിക്കാട്ടി.
മോദി പങ്കെടുത്തത് ഈ പരിപാടിയിലാണെന്നും വിശദീകരിച്ചു. ഇതേത്തുടർന്നാണ് അഞ്ച് കാര്യം ഉന്നയിച്ച് ജയേഷ് ഗുർണാനി എന്ന പൊതുപ്രവർത്തകൻ കഴിഞ്ഞവർഷം മാർച്ച് 27ന് വിവരാവകാശഅപേക്ഷ നൽകിയത്. മോദിയെ അറസ്റ്റ് ചെയ്യാൻ ചുമത്തിയ വകുപ്പുകൾ, എഫ്ഐആറിന്റെ പകർപ്പ്, ജയിൽ മോചനത്തിന്റെ രേഖ തുടങ്ങിയവയാണ് ആവശ്യപ്പെട്ടത്.
പിഎംഒ വെബ്സൈറ്റിൽ ‘പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ’ എന്ന ഹൈപ്പർലിങ്കിൽ വിവരം ലഭ്യമാണെന്ന മറുപടിയാണ് ലഭിച്ചത്. 2014ൽ മോദി പ്രധാനമന്ത്രിയായശേഷമുള്ള ഔദ്യോഗികരേഖ മാത്രമാണ് സൂക്ഷിക്കുന്നതെന്നും മറുപടിയിൽ പറഞ്ഞു. ഇതിൽ തൃപ്തനാകാതെ ഗുർണാനി ഒന്നാം അപ്പലേറ്റ് അതോറിറ്റിക്ക് അപ്പീൽ നൽകിയെങ്കിലും സാങ്കേതിക കാരണങ്ങളുടെ പേരിൽ അത് തള്ളി.