ന്യൂഡൽഹി
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകൾ ഉണ്ടാക്കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹ്യപ്രവർത്തക ടീസ്ത സെതൽവാദിന് ജാമ്യം നൽകുമെന്ന സൂചന നൽകി സുപ്രീംകോടതി. ഗുജറാത്ത് സർക്കാരിനെയും ടീസ്തയുടെ ജാമ്യാപേക്ഷ ആറാഴ്ച നീട്ടിയ ഹൈക്കോടതിയെയും രൂക്ഷമായി വിമർശിച്ച് ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച്.രണ്ടുമാസമായി ഒരു വനിതയെ കസ്റ്റഡിയിൽ വച്ചിട്ടും കുറ്റപത്രംപോലും സമർപ്പിച്ചില്ല.
കൊലപാതകമോ പരിക്കേൽപ്പിക്കലോ പോലുള്ള ഗുരുതര കുറ്റങ്ങൾ ടീസ്തയുടെ പേരിൽ ഇല്ലെന്ന് വാക്കാൽ വ്യക്തമാക്കിയ കോടതി, ജാമ്യം നൽകുന്നതിൽനിന്ന് തടയുന്ന ഒന്നുംതന്നെയില്ലെന്നും പറഞ്ഞു. സാധാരണ കേസന്വേഷണത്തിന്റെ തുടക്കത്തിൽമാത്രം കസ്റ്റഡി ആവശ്യമുള്ള കുറ്റങ്ങൾ മാത്രമാണിതെന്നും കോടതി വ്യക്തമാക്കി.
സാകിയ ജഫ്രിയുടെ ഹർജി തള്ളിയതിന്റെ പിറ്റേന്നുതന്നെ ടീസ്തയടക്കമുള്ളവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ്, സുപ്രീംകോടതിയുടെ വിധിയിലുള്ളതിനേക്കാൾ കൂടുതലൊന്നും എഫ്ഐആറിൽ ഇല്ലെന്നും ചൂണ്ടിക്കാട്ടി. ടീസ്തയ്ക്ക് ജാമ്യം നൽകുമെന്ന് കോടതി വ്യക്തമാക്കിയതോടെ ഉത്തരവ് വെള്ളിയാഴ്ചത്തേക്ക് മാറ്റണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. വെള്ളി പകൽ രണ്ടിന് കേസ് പരിഗണിക്കുമെന്ന് ബെഞ്ച് അറിയിച്ചു. അതേസമയം, ആഗസ്ത് മൂന്നിന് ജാമ്യാപേക്ഷയിൽ ഗുജറാത്ത് സർക്കാരിന് നോട്ടീസ് നൽകിയ ഹൈക്കോടതി സെപ്തംബർ 19നുമാത്രം മറുപടി നൽകിയാൽ മതിയെന്ന നിലപാടെടുത്തതില് സുപ്രീംകോടതി ആശ്ചര്യം പ്രകടിപ്പിച്ചു. ഇത് ഹൈക്കോടതിയുടെ സാധാരണ രീതിയാണോയെന്ന് ആരാഞ്ഞ സുപ്രീംകോടതി സമാന കേസിൽ ഏതെങ്കിലും സ്ത്രീയുടെ ജാമ്യാപേക്ഷ മാറ്റിയിട്ടുണ്ടോയെന്നും ചോദിച്ചു. ടീസ്തയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി.