ന്യൂഡൽഹി
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരത്തിനൊരുങ്ങുന്ന ജി–-23 വിഭാഗം നേതാക്കൾക്കെതിരായി രാഹുൽ ഗാന്ധിയുടെ സ്തുതിപാഠക സംഘം നീക്കമാരംഭിച്ചു. കോൺഗ്രസിൽനിന്ന് പുറത്തുപോയ ഗുലാംനബി ആസാദുമായി കൂടിക്കാഴ്ച നടത്തിയെന്ന “കുറ്റത്തിന്’ ജി–-23 നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രി കുമാരി ഷെൽജ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് കത്തയച്ചു. രാഹുൽ ഗാന്ധിക്കെതിരായി ചാനലുകളിൽ ‘മോശം’ പരാമർശം നടത്തിയതിന് മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയും ജി–-23 നേതാവുമായ പ്രിഥ്വിരാജ് ചവാനെതിരായി നടപടി ആവശ്യപ്പെട്ട് വീരേന്ദർ വസിഷ്ഠ് അച്ചടക്ക സമിതി തലവൻ താരിഖ് അൻവറിന് കത്തുനൽകി.
കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിവിധ സംസ്ഥാനങ്ങളിൽ ഗ്രൂപ്പുപോര് രൂക്ഷമാക്കുന്നതിന്റെകൂടി സൂചനയാണ് ഹൈക്കമാൻഡിലേക്കുള്ള പരാതിപ്രവാഹങ്ങൾ. ഹരിയാനയിൽ മുൻമുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡയും കുമാരി ഷെൽജയും രണ്ട് തട്ടിലാണ്. ഹൂഡയുടെ സമ്മർദത്തെ തുടർന്ന് ഷെൽജയെ പിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി സൂരജ് ഭാനിനെ ഹൈക്കമാൻഡ് നിയമിച്ചിരുന്നു. ഹൂഡയുടെ വിശ്വസ്തനാണ് സൂരജ് ഭാൻ. ഇതോടെ ജി–-23 വിഭാഗത്തിൽനിന്ന് അകലം പാലിച്ചിരുന്ന ഹൂഡ ആനന്ദ് ശർമയ്ക്കും പ്രിഥ്വിരാജ് ചവാനുമൊപ്പം ഗുലാംനബിയെ സന്ദർശിച്ചതാണ് ഷെൽജ ഇപ്പോൾ ആയുധമാക്കുന്നത്. സോണിയകുടുംബത്തെ നിശിതമായി വിമർശിച്ച ഗുലാംനബിയെ ഹൂഡയും കൂട്ടരും പോയി കണ്ടത് അച്ചടക്കലംഘനമെന്നാണ് ഷെൽജയുടെ ആരോപണം.
ഹൂഡ ആവശ്യപ്പെട്ടത് പ്രകാരം ഹരിയാനയിൽ സംഘടനാമാറ്റങ്ങളടക്കം വരുത്തിയതിനുശേഷമാണ് ഈ നടപടിയെന്നത് ഗൗരവം വർധിപ്പിക്കുന്നെന്നും ഷെൽജ ചൂണ്ടിക്കാട്ടി. ഹരിയാനയുടെ ചുമതലക്കാരനായ വിവേക് ബൻസലിനും ഷെൽജ പരാതി നൽകിയിട്ടുണ്ട്.
ഭാരത് ജോഡോ യാത്രയിൽ കനയ്യ കുമാറും
കന്യാകുമാരിമുതൽ ശ്രീനഗർവരെയുള്ള കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിൽ കനയ്യ കുമാറും പവൻ ഖേരയുമടക്കം 117 പേർ ആദ്യാവസാനം പങ്കെടുക്കും. കേരളത്തിൽനിന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനടക്കം എട്ടുപേർ യാത്രക്കാരായുണ്ട്. സെപ്തംബർ ഏഴിന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്ര 12 സംസ്ഥാനത്തിലൂടെ 3500 കി.മീറ്റർ ദൂരമാണ് പിന്നിടുക.