മോസ്കോ
അന്തരിച്ച സോവിയറ്റ് യൂണിയൻ മുൻ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവിന്റെ സംസ്കാരചടങ്ങിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പങ്കെടുക്കില്ല. വ്യാഴം രാവിലെ ഗോർബച്ചേവിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മോസ്കോയിലെ സെൻട്രൽ ക്ലിനിക്കൽ ആശുപത്രിയിൽ എത്തി പുടിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശത്തുള്ള കലിനിൻഗ്രാഡിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായാണ് പുടിന് ആശുപത്രിയിലെത്തിയത്. മറ്റ് ഔദ്യോഗിക പരിപാടികളുടെ തിരക്കുള്ളതിനാലാണ് പുടിന് സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്ന് ക്രെംലിൻ അറിയിച്ചു.
മോസ്കോയിലെ നോവൊഡെവിച്ചി ശ്മശാനത്തിൽ ശനിയാഴ്ചയാണ് സംസ്കാരം. 1999ൽ അന്തരിച്ച ഭാര്യ റെയ്സയ്ക്ക് സമീപമായിരിക്കും അടക്കം ചെയ്യുക. ഇതിന് മുന്നോടിയായി പാർലമെന്റിലെ ഹൗസ് ഓഫ് ദി യൂണിയൻസ് പില്ലർ ഹാളിൽ പൊതുദർശനത്തിനുവയ്ക്കും. സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെയാകില്ല. എന്നാൽ, ഗാർഡ് ഓഫ് ഓണർ ഉൾപ്പെടെയുള്ളവ ഉണ്ടാകുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
അതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഗോർബച്ചേവിന് ആദരമർപ്പിച്ചുള്ള സന്ദേശങ്ങൾ എത്തുന്നുണ്ട്. ഇന്ത്യയും സോവിയറ്റ് യൂണിയനുമായുള്ള ബന്ധം സുദൃഢമാക്കുന്നതിൽ ഗോർബച്ചേവ് വലിയ പങ്കുവഹിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. രാജ്യത്തിന്റെ പുനരേകീകരണം സാധ്യമാക്കിയ നേതാവെന്ന് ജർമനി അനുസ്മരിച്ചു.