ന്യൂഡൽഹി
ഗോതമ്പ് കയറ്റുമതി നിരോധിച്ചപ്പോഴും റിലയൻസ് ഗ്രൂപ്പ് കോടികൾ കൊയ്തുവെന്ന് റിപ്പോർട്ട്. ഇക്കഴിഞ്ഞ മെയ് 13ന് നിരോധനം നിലവിൽവന്നശേഷം 33,400 ടൺ ഗോതമ്പ് റിലയൻസ് റീട്ടെയിൽ കയറ്റുമതി ചെയ്തെന്ന് തുറമുഖ രേഖയുടെ അടിസ്ഥാനത്തിൽ ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു. മെയ് പതിമൂന്നിനോ അതിനുമുമ്പോ ബാങ്ക് ഗ്യാരന്റി രേഖ സംഘടിപ്പിച്ചവർക്കാണ് കയറ്റുമതിക്ക് അനുമതി നൽകിയത്. മെയ് പന്ത്രണ്ടിനാണ് ബാങ്ക് ഗ്യാരന്റി പത്രം ഇവർക്ക് കിട്ടുന്നത്.
13ന് നിരോധനം വന്നു. ഇതിനുശേഷം റിലയൻസിനെ കൂടാതെ ഐടിസിക്ക് മാത്രമാണ് കയറ്റുമതി നടത്താനായത്. ഐടിസി പതിവായി ഈ സംവിധാനം ഉപയോഗിക്കുന്നതാണ്. നിരോധനത്തിന്റെ തൊട്ടുതലേന്ന് റിലയൻസ് ബാങ്ക് ഗ്യാരന്റി നേടിയത് ദുരൂഹമാണ്. മറ്റ് കമ്പനികൾ ബാങ്ക് ഗ്യാരന്റിക്ക് അപേക്ഷ നൽകിയിട്ടും സർക്കാർ തള്ളി. നിരോധനകാലത്ത് വിൽക്കാൻ റിലയൻസ് വൻതോതിൽ ഗോതമ്പ് സംഭരിക്കുകയും ചെയ്തിരുന്നു.