തിരുവനന്തപുരം
ലഹരിക്കെതിരെ പൊരുതാൻ ഒറ്റക്കെട്ടായി കേരളം. ലഹരിവിപത്ത് തടയാനുള്ള സർക്കാർ നടപടികൾക്ക് നിയമസഭ പൂർണ പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷ അടിയന്തരപ്രമേയ നോട്ടീസിന്മേൽ നടന്ന ചർച്ചയിൽ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ ലഹരിവ്യാപനം തടയാൻ ഒറ്റക്കെട്ടായി നീങ്ങാൻ തീരുമാനിച്ചു. ലഹരിക്ക് എതിരായ പോരാട്ടത്തിന് ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.
പ്രാദേശിക കൂട്ടായ്മകളെ കണ്ണിചേർത്ത് എല്ലാ വിഭാഗം ജനങ്ങളെയും ഇതിന്റെ ഭാഗമാക്കും. ഗാന്ധിജയന്തി ദിനത്തിൽ സ്കൂൾ, കോളേജ്, ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ചുറ്റും ലഹരിവിരുദ്ധ സംരക്ഷണശൃംഖല സൃഷ്ടിക്കും. ക്ലാസുകളിൽ വിക്ടേഴ്സ് ചാനൽ വഴി ലഹരിവിരുദ്ധ സന്ദേശം കേൾപ്പിക്കും. വിദ്യാലയങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികളുടെ പരിപാടികൾ ആസൂത്രണം ചെയ്യും. പ്രതീകാത്മക ലഹരി ഉൽപ്പന്നങ്ങൾ കുഴിച്ചുമൂടൽ ചടങ്ങ് സംഘടിപ്പിക്കും. വിദ്യാലയങ്ങളിലും പിടിഎ നേതൃത്വത്തിൽ ലഹരിവിരുദ്ധ ജനജാഗ്രത സമിതികൾ രൂപീകരിക്കും. ശ്രദ്ധ, നേർക്കൂട്ടം എന്നിവയുടെ പ്രവർത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ജനജാഗ്രത സമിതി രൂപീകരിക്കും. വാർഡ് തലത്തിലും ക്ലബ്ബുകൾ, ഗ്രന്ഥശാലകൾ, റസിഡന്റ്സ് അസോസിയേഷൻ തലത്തിലും സമിതിക്ക് യൂണിറ്റുകൾ ഉണ്ടാകണം. കുടുംബശ്രീ യൂണിറ്റുകളിൽ ലഹരിവിപത്ത് സംബന്ധിച്ച പ്രത്യേക ചർച്ച സംഘടിപ്പിക്കണം.
ആരാധനാലയങ്ങളിൽ വിപത്തിനെക്കുറിച്ച് പരാമർശിക്കുന്നതിന് അഭ്യർഥിക്കും. ജനജാഗ്രത സമിതികളുടെ പ്രവർത്തന കരട് രൂപരേഖ വിമുക്തി മിഷൻ എസ്സിഇആർടിയുടെ സഹായത്തോടെ തയ്യാറാക്കും. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ‘ഈ സ്ഥാപനത്തിൽ ലഹരി പദാർഥങ്ങൾ വിൽക്കുന്നില്ല, ലഹരിവസ്തു ശ്രദ്ധയിൽപ്പെട്ടാൽ ഈ നമ്പരിൽ ബന്ധപ്പെടാം’ എന്ന ബോർഡ് പ്രദർശിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ലഹരിവ്യാപനം തടയാൻ സർക്കാരിനൊപ്പം ആദ്യാവസാനമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും അറിയിച്ചു.
യോദ്ധാവുമായി പൊലീസ്
സ്കൂൾ വിദ്യാർഥികളിലെ ലഹരി ഉപയോഗം തടയാനായി യോദ്ധാവ് പദ്ധതിയുമായി പൊലീസ്. സ്കൂളിലെ അധ്യാപകനോ അധ്യാപികയ്ക്കോ പരിശീലനം നൽകും. വിദ്യാർഥികൾ ലഹരി ഉപയോഗിച്ചാൽ കണ്ടെത്താൻ കഴിയുന്ന രീതിയിലാകും പരിശീലനം. എഡിജിപി വിജയ് സാഖറെയാണ് പദ്ധതിയുടെ നോഡൽ ഓഫീസർ. ലഹരി ഉപയോഗത്തിൽനിന്ന് കുട്ടികളെ പിന്തിരിപ്പിക്കുക, ആത്മവിശ്വാസവും പിന്തുണയും നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാകും പദ്ധതി.