ന്യൂഡല്ഹി
ബിജെപി വിരുദ്ധ മുന്നണിക്കായി സമാനചിന്താഗതിക്കാരെ ഒരുമിപ്പിച്ച് സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബിഹാര് മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര് റാവു. ഉപമുഖ്യമന്ത്രി തേജസ്വി യാദവും പട്നയില് നടന്ന കൂടിക്കാഴ്ചയില് പങ്കെടുത്തു. ബിജെപി -കോണ്ഗ്രസ് ഇതര മുന്നണി രൂപീകരണത്തിനായുള്ള ദേശീയയാത്രയുടെ ഭാഗമായി നിതീഷ് കുമാറിനെയും തേജസ്വി യാദവിനെയും കാണാന് റാവു മുമ്പേ പദ്ധതിയിട്ടിരുന്നതാണ്. എന്നാല്, ബിജെപി സഖ്യകക്ഷി നേതാവുമായുള്ള കൂടിക്കാഴ്ച തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചേക്കാമെന്ന ആശങ്കയില് സന്ദര്ശനം മാറ്റുകയായിരുന്നു. കഴിവില്ലാത്ത ദുര്ബലനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് വിമര്ശിച്ച ചന്ദ്രശേഖര റാവു കേന്ദ്രത്തില് ഇരട്ട എന്ജിന് ബിജെപി ഇതര സര്ക്കാര് ആവശ്യമാണെന്ന പ്രഖ്യാപനവും കഴിഞ്ഞമാസം നടത്തിയിരുന്നു.