ന്യൂഡൽഹി
ഗവർണർ സൃഷ്ടിച്ച ആശയക്കുഴപ്പം നിലനിൽക്കേ ബിജെപിയുടെ ചാക്കിട്ട് പിടിത്തം പ്രതിരോധിക്കാൻ ജാർഖണ്ഡിലെ ഭരണപക്ഷ എംഎൽഎമാരെ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢിലേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ വസതിയിൽനിന്ന് ബസിലാണ് ജെഎംഎം, കോൺഗ്രസ് എംഎൽഎമാരെ റാഞ്ചിയിലെ വിമാനത്താവളത്തിലെത്തിച്ചത്. അവിടെവരെ മുഖ്യമന്ത്രി ഹേമന്ദ് സോറനും അനുഗമിച്ചു. പ്രത്യേക വിമാനത്തിൽ വൈകിട്ട് ആറോടെ എംഎൽഎസംഘം റായ്പുരിൽ എത്തി. നഗരത്തിൽ തന്നെയുള്ള മേയ്ഫെയർ റിസോർട്ടിലാണ് ക്യാമ്പ്.
അതേസമയം, ഭരണസ്തംഭനം ഒഴിവാക്കാൻ മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരും എട്ട് എംഎൽഎമാരും സംസ്ഥാനത്ത് തുടരും. എന്തും നേരിടാൻ സജ്ജമാണെന്നും എല്ലാം നിയന്ത്രണവിധേയമാണെന്നും മാധ്യമപ്രവർത്തകരോട് സോറൻ പ്രതികരിച്ചു. ബിജെപിക്കുള്ള രാഷ്ട്രീയ മറുപടി കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച മന്ത്രിസഭായോഗം ചേരും.
ഖനി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അർഗോര മേഖലയിലെ ഖനി സ്വന്തമായി പാട്ടത്തിനെടുത്തെന്ന ബിജെപി പരാതിയിൽ സോറനെ അയോഗ്യനാക്കാൻ കേന്ദ്രതെരഞ്ഞെടുപ്പ് കമീഷൻ ശുപാർശ ചെയ്തെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അഞ്ച് ദിവസമായിട്ടും ഇക്കാര്യത്തിൽ വ്യക്തവരുത്താന്‍ ഗവര്‍ണര്‍ തയ്യാറായിട്ടില്ല.