ന്യൂഡൽഹി
പരസ്പര സമ്മതത്തോടെ ശാരീരികബന്ധത്തിൽ ഏർപ്പെടുംമുമ്പ് രേഖ പരിശോധിച്ച് പെൺകുട്ടി പ്രായപൂർത്തിയായോയെന്ന് തീർച്ചപ്പെടുത്തണമെന്ന് പറയാനാകില്ലെന്ന വിവാദ ഉത്തരവുമായി ഡൽഹി ഹൈക്കോടതി. പോക്സോ കേസിലെ പ്രതിക്ക് ജാമ്യം നൽകിയുള്ള ഉത്തരവിലാണ് ജസ്റ്റിസ് ജസ്മീത് സിങ്ങിന്റെ നിരീക്ഷണം.
ശാരീരികബന്ധത്തിന്റെ ദൃശ്യം ചിത്രീകരിച്ച് യുവാവ് ബ്ലാക്ക്മെയിൽ ചെയ്യുന്നെന്ന പരാതിയിലാണ് ഹൈക്കോടതി നിരീക്ഷണം. പരാതിക്കാരിയുടെ അക്കൗണ്ടിലേക്ക് പ്രതി പണമയച്ചിട്ടുണ്ട്. ഹണിട്രാപ്പാണോ നടന്നതെന്നു സംശയിക്കാമെന്നും ഇക്കാര്യം പൊലീസ് അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
പല രേഖകളില്‍ പലതാണ് പെണ്‍കുട്ടിയുടെ പ്രായം.ആധാർകാർഡ് പ്രകാരം ശാരീരികബന്ധത്തിൽ ഏർപ്പെടുമ്പോള്‍ പ്രായപൂർത്തി ആയിരുന്നെന്ന് വ്യക്തം. അതിനാല്‍ ഉഭയസമ്മതപ്രകാരമാണ് ശാരീരികബന്ധമുണ്ടായതെന്ന പ്രതിയുടെ വാദത്തിന് ആധാർകാർഡ് തെളിവാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ശാരീരികബന്ധത്തിൽ ഏർപ്പെടുമ്പോൾ ആധാർകാർഡോ പാൻകാർഡോ സ്കൂൾ രേഖകളോ നോക്കി പ്രായപൂർത്തിയായെന്ന് തീർച്ചപ്പെടുത്തേണ്ട കാര്യമില്ലെന്നും- ജഡ്ജി കൂട്ടിച്ചേർത്തു.
ആര്ത്തവമെത്തിയ മുസ്ലിം പെൺകുട്ടിക്ക് അച്ഛനമ്മമാരുടെ അനുമതി ഇല്ലാതെയും വിവാഹം കഴിക്കാമെന്നും പ്രായപൂർത്തി ആയില്ലെങ്കിലും ഭർത്താവിനൊപ്പം കഴിയാമെന്നും ഉത്തരവിട്ടതും ജസ്റ്റിസ് ജസ്മീത് സിങ്ങാണ്.