മലപ്പുറം
ഏഷ്യൻ അണ്ടർ 20 വോളിബോളിലെ വെള്ളിനേട്ടം ഇന്ത്യൻ വോളിബോളിന് നൽകുന്ന പ്രതീക്ഷകൾ വലുതാണ്. പടലപ്പിണക്കംകൊണ്ടും കോടതിയിലെ കേസുകൾകൊണ്ടും പലതരം പ്രതിസന്ധികൾ നേരിടുന്ന ഇന്ത്യൻ വോളിബോളിന് കൗമാരക്കാരുടെ വെള്ളിനേട്ടം പുത്തൻ ഊർജംപകരും. പല കോണിൽനിന്ന് നിരന്തരം വിമർശം നേരിടുന്ന വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യക്കും (വിഎഫ്ഐ) ഈ വിജയം ഏറേ ആശ്വാസം പകരുന്നതായി.
ഫൈനലിൽ കരുത്തരായ ഇറാനോടായിരുന്നു പരാജയം. 20 വർഷത്തിനുശേഷമുള്ള ഈ വെള്ളിനേട്ടത്തിലൂടെ ലോക ചാമ്പ്യൻഷിപ്പിനുള്ള യോഗ്യത ഉറപ്പിക്കാൻ കഴിഞ്ഞതും വലിയ നേട്ടമായി. ഇന്ത്യൻ ക്യാപ്റ്റൻ ദുഷ്യന്ത് സിങ് ജാക്കർ മികച്ച ബ്ലോക്കറും കാർത്തികേയൻ മികച്ച ലിബറോയുമായി തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യൻ വോളിബോളിന് എല്ലാ കാലത്തും കരുത്തുപകർന്നിട്ടുള്ള കേരളത്തിൽനിന്ന് ഒരു താരത്തിനുപോലും ടീമിൽ ഇടംനേടാനായില്ല. മാനേജർ പ്രൊഫ. നാലകത്ത് ബഷീറായിരുന്നു ടീമിനൊപ്പമുള്ള ഏക മലയാളിടീം: ദുഷ്യന്ത് സിങ് (ക്യാപ്റ്റൻ), അമൻ കുമാർ, ജോഷ്ണൂർ ദിൻത്സ, സന്ദീപ്, അജയ്കുമാർ, സമീർ ചൗധരി, എസ് ഭരണിധരൻ, തനീഷ് ചൗധരി, ഹർഷിത് ഗിരി, സച്ചിൻ ധഗർ, കാർത്തികേയൻ, അജീത് ഷോഖോം. പരിശീലകൻ: ജി ശ്രീധരൻ. മാനേജർ: പ്രൊഫ. നാലകത്ത് ബഷീർ.