ന്യൂഡൽഹി
ബംഗളൂരു ഈദ്ഗാഹ് മൈതാനിയിൽ ബുധനാഴ്ച ഗണേശചതുർഥി ആഘോഷം നടത്തരുതെന്ന് സുപ്രീംകോടതി. തൽസ്ഥിതി തുടരാൻ നിർദേശിച്ച സുപ്രീംകോടതി വിഷയം പരിഗണിക്കാൻ ഹൈക്കോടതി സിംഗിൾബെഞ്ചിന് നിർദേശം നൽകി.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കാൻ ഹൈക്കോടതി നേരത്തേ സംസ്ഥാനസർക്കാരിനോട് നിർദേശിച്ചിരുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഈദ്ഗാഹ് മൈതാനം ഗണേശപൂജയ്ക്ക് ഉപയോഗിക്കാമെന്നാണ് സർക്കാർ ഉത്തരവ്. ഇതിനെതിരെ കർണാടകത്തിലെ സെൻട്രൽ മുസ്ലിം അസോസിയേഷനും വഖഫ്ബോർഡും സുപ്രീംകോടതിയെ സമീപിച്ചു. ചൊവ്വാഴ്ച ഹർജികൾ പരിഗണിച്ച ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻശു ധുലിയ എന്നിവർ അംഗങ്ങളായ രണ്ടംഗ ബെഞ്ചിൽ അഭിപ്രായവ്യത്യാസമുണ്ടായി. ഇതേത്തുടർന്ന്, ഹർജി ജസ്റ്റിസ് ഇന്ദിര ബാനർജി നേതൃത്വം നൽകുന്ന ജസ്റ്റിസുമാരായ എ എസ് ഓഖ, എം എം സുന്ദരേഷ് എന്നിവർ കൂടി അംഗങ്ങളായ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. സാധാരണ കോടതി സമയം കഴിഞ്ഞും കേസ് പരിഗണിച്ച് ചൊവ്വാഴ്ച വൈകിട്ട് 6.30ഓടെ ഉത്തരവിട്ടു. വഖഫ് ഉടമസ്ഥതയിലുള്ള മൈതാനിയിൽ ഗണേശചതുർഥിക്ക് അവസരം നല്‍കിയത് തെറ്റാണെന്നും 200 വര്‍ഷമായി മറ്റൊരു ചടങ്ങിനും മൈതാനം ഉപയോഗിച്ചിട്ടില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.