ന്യൂഡൽഹി
പൗരത്വനിയമഭേദഗതിക്ക് എതിരായ പ്രസംഗങ്ങളുടെ പേരില്‍ കേസെടുക്കണമെന്ന ഹർജി ഗൂഢാലോചനയാണെന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. ഭരണപക്ഷത്തെ നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങൾക്കുനേരെ കണ്ണടച്ച് പ്രതിപക്ഷ നേതാക്കളുടെ പ്രസംഗങ്ങളിൽ കേസെടുക്കണമെന്ന ആവശ്യം ദുരൂഹമാണെന്ന് ഇരുവരും ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
മനീഷ് സിസോദിയ, അസസുദീൻ ഒവൈസി, നടി സ്വരാഭാസ്കർ, എഴുത്തുകാരന് ഹർഷ്മന്ദർ തുടങ്ങിയവർക്കെതിരെയും കേസെടുക്കണമെന്നാണ് ലോയേഴ്സ് വോയ്സ് എന്ന സംഘടനയുടെ ആവശ്യം. ഡൽഹി കലാപത്തിനു കാരണമായ വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂർ, കപിൽ മിശ്ര, പർവേശ് സാഹിബ് സിങ് വർമ തുടങ്ങിയവർക്കെതിരെ കേസെടുക്കണമെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തിയതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാക്കൾക്കെതിരെ എൻജിഒ രംഗത്തെത്തിയത്.