തൊടുപുഴ
തിങ്കളാഴ്ച രാത്രിയും തോരാപ്പെയ്ത്തായിരുന്നു കുടയത്തൂർ സംഗമം മാളിയേക്കൽ കോളനിയിൽ. രാവിലെ വെയിൽ തെളിഞ്ഞെങ്കിലും എങ്ങും നിശബ്ദത. പ്രദേശത്തെ താമസക്കാരായ 50 കുടുംബങ്ങളും തിങ്കളാഴ്ച വൈകിട്ടോടെ മറ്റുസ്ഥലങ്ങളിലേക്ക് മാറിയിരുന്നു. 11 കുടുംബങ്ങൾ ക്യാമ്പിലേക്കും ബാക്കിയുള്ളവർ ബന്ധുവീടുകളിലേക്കും.
നേരം പുലർന്ന് പ്രദേശത്തേക്കെത്തിയ അയൽവാസികൾ നെഞ്ചുലഞ്ഞ് ഒന്നും പറയാതെ നോക്കിനിന്നു. പ്രിയപ്പെട്ട കൊച്ചേട്ടനും കുടുംബവും താമസിച്ച വീടിരുന്നിടത്തേക്ക് നോക്കാൻ അവർ പ്രയാസപ്പെട്ടു. ഉരുളെടുത്ത് അഞ്ചുജീവനുകൾ അമർന്നുപോയ മണ്ണ് കാണാൻ ചൊവ്വാഴ്ചയും ആരൊക്കെയോ വന്നും പോയുമിരുന്നു.
ചിറ്റടിച്ചാലിൽ സോമൻ, ഭാര്യ ഷിജി, മകൾ ഷിമ, ഷിമയുടെ മകൻ ദേവാക്ഷിദ്, സോമന്റെ അമ്മ തങ്കമ്മ എന്നിവരാണ് കുടയത്തൂർ മോർക്കാട്ട് മലയിലെ ഉരുൾപൊട്ടലിൽ മരിച്ചത്. ഉരുളെടുത്ത് മണ്ണിനടിയിലായിപ്പോയ വീടിന്റെ അവശിഷ്ടങ്ങൾ അവിടവിടെ പൊങ്ങിനിൽക്കുന്നു. ദേവാക്ഷിദിന്റെ കളിപ്പാട്ടങ്ങളും ചെരുപ്പും വീട്ടുപകരണങ്ങളുടെ പൊട്ടിയ ഭാഗങ്ങളുമെല്ലാം മണ്ണിൽ പുതഞ്ഞും ചിതറിയും കിടക്കുന്നുണ്ട്.
അടുത്തിടെയാണ് സോമന്റെ വീട്ടിലേക്ക് വഴി കിട്ടിയത്. തുടർന്ന് ഷിമയുടെ സ്കൂട്ടർ കൊണ്ടുപോകാൻ മുറ്റത്തുനിന്ന് വഴിവെട്ടിതെളിക്കുകയും പുരയ്ക്ക് ചെറിയ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു.
‘‘ഷിജിയുടെ വിരൽത്തുമ്പിൽ പിടിച്ചേ കുക്കുടുവിനെ ഞങ്ങൾ കണ്ടിട്ടുള്ളൂ. രണ്ടുപേരും നല്ലകൂട്ടായിരുന്നു. ചിരിയും കുറുമ്പുമായി ഓടി നടന്നിരുന്ന മിടുക്കൻ. ഷിജിക്കൊപ്പം സ്കൂളിലേക്ക് പോകുമ്പോൾ ഞങ്ങൾക്കൊക്കെ റ്റാറ്റാ തരുമായിരുന്നു ’’–- അയൽവാസി ലക്ഷ്മി സങ്കടത്തോടെ പറഞ്ഞു.
സോമന്റെ പിതൃസഹോദരന്റെ മക്കൾ അടുത്ത് തന്നെ താമസിക്കുന്നുണ്ട്. ഷിജിയുടെ ബന്ധുക്കളും പ്രദേശത്തുണ്ട്. മോർക്കാട്ട് മലയുടെ താഴെയാണ് സോമന്റെ കുടുംബം താമസിച്ചിരുന്നത്. അതിനുതാഴെയായിരുന്നു മറ്റുകുടുംബങ്ങൾ.
പ്രദേശത്ത് ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. വലിയ പാറകൾ അടർന്നു വീഴാറായി മലയിലുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മഴ കനത്താൽ പാറ താഴേക്ക് പോരുമെന്ന ഭീതിയിലാണവർ. ഭീഷണിയുള്ള പാറ പൊട്ടിച്ചു മാറ്റാൻ ഉടൻ നടപടിയുണ്ടാകുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
ഉരുൾ ഒഴുകി ചെളിയും കല്ലും മണ്ണും നിറഞ്ഞ വീട്ടുമുറ്റങ്ങൾ രാവിലെ മുതൽ സന്നദ്ധപ്രവർത്തകരും നാട്ടുകാരും ചേർന്ന് വൃത്തിയാക്കി. വീടുകളുടെ ഭിത്തിയും ചെളിതെറിച്ച് വൃത്തികേടായിട്ടുണ്ട്. കൃഷി, റവന്യൂ വകുപ്പധികൃതർ ചൊവ്വാഴ്ച പ്രദേശവും കൃഷിയിടങ്ങളും സന്ദർശിച്ച് നഷ്ടം വിലയിരുത്തി.