ന്യൂഡൽഹി
ജമ്മു കശ്മീരിലും കോൺഗ്രസിന്റെ പൂർണമായ പതനത്തിന് വഴിയൊരുക്കി കൂടുതൽ നേതാക്കളുടെ രാജി. സോണിയ കുടുംബവാഴ്ചയിൽ പ്രതിഷേധിച്ച് അടുത്തയിടെ കോൺഗ്രസ് വിട്ട ഗുലാംനബി ആസാദിനെ പിന്തുണച്ച് മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് അടക്കം അറുപതിലേറെ നേതാക്കൾ കോണ്ഗ്രസ് വിട്ടു. ഹൈക്കമാൻഡിലെ സ്തുതിപാഠകരുടെ നടപടിയില് പ്രതിഷേധിച്ച് കോൺഗ്രസ് വിടുകയാണെന്ന് 64 നേതാക്കൾ സംയുക്ത പ്രസ്താവനയിറക്കി. ജമ്മുവിൽ സെപ്തംബർ നാലിന് വൻറാലി സംഘടിപ്പിച്ച് ശക്തി തെളിയിക്കും.
ദശകങ്ങളായി ജമ്മു കശ്മീരിൽ കോൺഗ്രസിനായി പ്രവർത്തിക്കുന്നവരെ നേതൃത്വം അവഹേളിക്കുകയാണ്. നേതാവും വഴികാട്ടിയുമായ ഗുലാംനബി കോൺഗ്രസിലെ പ്രശ്നങ്ങൾ വിശദമായി ചൂണ്ടിക്കാട്ടി രാജിവച്ചിരുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസിൽനിന്ന് പുറത്തുവന്ന് ജനങ്ങൾക്ക് അനുഗുണമായ ഒരു രാഷ്ട്രീയസാഹചര്യമൊരുക്കാൻ യത്നിക്കേണ്ടത് അനിവാര്യമാണ്–- സംയുക്ത പ്രസ്താവന വായിച്ച് മുൻ എംഎൽഎ ബൽവൻ സിങ് പറഞ്ഞു.
95 ശതമാനം പ്രവർത്തകരും തനിക്കൊപ്പമാണെന്ന് ഗുലാംനബി പറഞ്ഞു. ജമ്മു കശ്മീരിൽ കോൺഗ്രസിന്റെ ഭൂരിഭാഗം ജനപ്രതിനിധികളും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഗുലാംനബി അവകാശപ്പെട്ടു. ജി–-23 നേതാക്കളായ ആനന്ദ് ശർമയും ഭൂപീന്ദർ ഹൂഡയും പ്രിഥ്വിരാജ് ചവാനും ചൊവ്വാഴ്ച ഗുലാംനബിയെ ഡൽഹിയിലെ വസതിയിലെത്തി കണ്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് ശശി തരൂർ മൽസരിച്ചേക്കുമെന്ന വാർത്തകളെ ഗുലാംനബി സ്വാഗതം ചെയ്തിരുന്നു.