ന്യൂഡൽഹി
സ്ത്രീസുരക്ഷ ഏറ്റവും കുറഞ്ഞ മെട്രോനഗരം ന്യൂഡൽഹിയെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ ഡല്ഹിയില് ദിവസവും പീഡനത്തിന് ഇരയാകുന്നു. 2021-ൽ മാത്രം 13,892 കേസ് രജിസ്റ്റർ ചെയ്തു. 2020-ൽ ഇത് 9,782 ആയിരുന്നു. 19 മെട്രോപൊളിറ്റൻ നഗരത്തിലെ മൊത്തം കുറ്റകൃത്യത്തിന്റെ 32.20 ശതമാനം രാജ്യതലസ്ഥാനത്താണ്. മുംബൈ (5,543), ബംഗളൂരു (3,127) എന്നിവയാണ് തൊട്ടുപിന്നിൽ. ഭർത്താക്കന്മാരിൽനിന്നുള്ള പീഡനം (4674), കുട്ടികളെ ബലാത്സംഗം ചെയ്യൽ (833) എന്നിവയും ഡൽഹിയിലാണ് കൂടുതൽ.
തട്ടിക്കൊണ്ടുപോകലിലും
മുന്നില് ഡല്ഹി
രാജ്യത്തെ19 മെട്രോപൊളിറ്റൻ നഗരത്തിൽ ഏറ്റവും കൂടുതൽ തട്ടിക്കൊണ്ടുപോകൽ നടക്കുന്നത് ദേശീയ തലസ്ഥാനത്ത്.
5,475 കേസാണ് 2021ൽ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ എട്ട് സ്ത്രീകളടക്കം 17 പേരെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകങ്ങളുടെ എണ്ണത്തിൽ ചെറിയ കുറവുണ്ട്. 500ൽനിന്ന് 461 ആയി.
കസ്റ്റഡി മരണം കൂടുതൽ
ഗുജറാത്തിൽ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കസ്റ്റഡി മരണം നടന്ന സംസ്ഥാനം ഗുജറാത്തെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ. 2021-ൽ ഇവിടെ 23 പേരാണ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. മുൻ വർഷവും ഗുജറാത്തായിരുന്നു (15) മുന്നിൽ. മഹാരാഷ്ട്ര (21), മധ്യപ്രദേശ് (7), ആന്ധ്രപ്രദേശ് (6), ഹരിയാന (5) തൊട്ടുപിന്നില്. ഇന്ത്യയിലാകെ 88 കസ്റ്റഡിമരണമുണ്ടായി.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യം : അഞ്ചാം വർഷവും
അസം മുന്നിൽ
സ്ത്രീകൾക്കെതിരായ കുറ്റകൃത്യനിരക്കില് അഞ്ചാം വർഷവും അസം മുന്നിൽ. ദേശീയ ക്രൈം റെക്കോഡ് ബ്യൂറോയുടെ 2021ലെ “ക്രൈം ഇൻ ഇന്ത്യ’ റിപ്പോർട്ടിലാണ് വിവരം. ലക്ഷത്തിൽ 168.3 സ്ത്രീകൾ ഇവിടെ അതിക്രമത്തിനിരയായി. രണ്ടാമത് ഒഡിഷയാണ്. ഹരിയാന, രാജസ്ഥാൻ തൊട്ടുപിന്നിൽ. ഏറ്റവും കുറവ് നാഗാലാന്റിലാണ് (5.5). സ്ത്രീകൾക്കെതിരായ അതിക്രമക്കേസുകളുടെ എണ്ണത്തില് യുപിയാണ് മുന്നിൽ (56,083). രാജസ്ഥാൻ, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഒഡിഷ എന്നിവയാണ് തൊട്ടുപിന്നിൽ. രാജ്യത്താകെ രജിസ്റ്റർ ചെയ്തത് 4,28,278 കേസ്. 2020ൽ 3,71,503 കേസ്.