കൊച്ചി> കോഴിക്കോട് സെഷൻസ് ജഡ്ജി എസ് കൃഷ്ണകുമാറിന്റെ സ്ഥലംമാറ്റത്തിൽ അപാകതയില്ലെന്ന് ഹൈക്കോടതി. സ്ഥലംമാറ്റം സ്റ്റേചെയ്യണമെന്ന ജഡ്ജിയുടെ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ജസ്റ്റിസ് അനു ശിവരാമനാണ് ഹർജി പരിഗണിച്ചത്.
സ്ഥലംമാറ്റം ചട്ടവിരുദ്ധമല്ലെന്നും ലേബർ കോടതി ജഡ്ജി പദവി, ഡെപ്യൂട്ടേഷൻ തസ്തികയല്ലെന്നും മുൻകൂട്ടി അനുവാദം വാങ്ങേണ്ടതില്ലെന്നും രജിസ്ട്രാർ അറിയിച്ചു.
ജില്ലാ ജഡ്ജിയായി നിയമിതനായി മൂന്നുവർഷം പൂർത്തിയാകുംമുമ്പാണ് സ്ഥലംമാറ്റമെന്നും അടുത്ത മെയ് മുപ്പത്തൊന്നിനാണ് വിരമിക്കുന്നതെന്നും അതുവരെ കോഴിക്കോട് സെഷൻസ് ജഡ്ജിയായി തുടരാൻ ചട്ടപ്രകാരം അവകാശമുണ്ടെന്നുമായിരുന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുള്ള സെഷൻസ് കോടതി ഉത്തരവിലെ സ്ത്രീവിരുദ്ധപരാമർശങ്ങൾക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സ്ഥലംമാറ്റം. ഹർജി കോടതി വിധിപറയാൻ മാറ്റി.