ന്യൂഡൽഹി> ഉത്തർപ്രദേശിൽ തടവിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ഹർജിയിൽ സുപ്രീംകോടതി യുപി സർക്കാരിന് നോട്ടീസ് അയച്ചു. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജിയിൽ ചീഫ്ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
സെപ്തംബർ ഒമ്പതിന് അപ്പീലിൽ അന്തിമതീർപ്പുണ്ടാകുമെന്ന് കോടതി അറിയിച്ചു.ഹാഥ്രസിലെ ബലാത്സംഗ കൊല റിപ്പോർട്ടുചെയ്യാൻ പോകവെയാണ് സിദ്ദിഖിനെ അറസ്റ്റുചെയ്തത്. രണ്ടുവർഷത്തോളമായി സിദ്ദിഖ് ജയിലിലാണെന്നും തെളിവില്ലാത്ത ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. എന്നാല്‍ യുപി സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഗരിമാപ്രസാദ് സിബലിന്റെ വാദത്തെ എതിർത്തു. രേഖകൾ സഹിതം സെപ്തംബർ അഞ്ചിനകം എതിർസത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസ് രവീന്ദ്രഭട്ട് കൂടി അംഗമായ ബെഞ്ച് യുപി സർക്കാരിനോട് നിർദേശിച്ചു.