ന്യൂഡൽഹി> തൊണ്ണൂറുകളിൽ ഇന്ത്യൻ രാഷ്ട്രീയത്തെ ഇളക്കിമറിച്ച ജയിൻ ഹവാല ഇടപാടിൽ ഏറ്റവും കൂടുതൽ പണംപറ്റിയ നേതാവ് ആരിഫ് മൊഹമ്മദ് ഖാനാണെന്ന് മാധ്യമപ്രവർത്തകനായ സഞ്ജയ് കപൂർ രചിച്ച ‘ബാഡ് മണി ബാഡ് പൊളിറ്റിക്സ്: ദി അൺടോൾഡ് ഹവാല സ്റ്റോറി’ എന്ന പുസ്തകം വെളിപ്പെടുത്തുന്നു. കേസിൽ സിബിഐ കുറ്റപത്രത്തിലും മുഖ്യപ്രതി എസ് കെ ജയിൻ എന്ന സുരേന്ദർ ജയിനിന്റെയും കുറ്റസമ്മത മൊഴിയിലുമാണ് ഇക്കാര്യമുള്ളത്. 55 രാഷ്ട്രീയ നേതാക്കളടക്കം 115 പേർക്ക് ഹവാല ഇടപാടിലൂടെ 65 കോടി കൈമാറിയെന്ന ജയിൻ ഹവാല കേസ് ഉന്നത ഇടപെടലുകളെ തുടർന്ന് അട്ടിമറിക്കപ്പെട്ടു. ഡയറിക്കുറിപ്പുകൾ തെളിവായി പരിഗണിക്കില്ലെന്ന കോടതി നിലപാടാണ് ഹവാല ഇടപാടുകാർക്ക് തുണയായത്.
കുറ്റപത്രം പ്രകാരം 1988 മെയ് മുതൽ 1991 ഏപ്രിൽവരെയുള്ള കാലയളവിൽ ആരിഫ് മൊഹമ്മദ് ഖാന് 7.63 കോടി രൂപയാണ് ഹവാല ഇടപാടിലൂടെ ലഭിച്ചത്. 1989–-90ൽ ഖാൻ കേന്ദ്ര ഊർജ–- സിവിൽ ഏവിയേഷൻ മന്ത്രിയായിരുന്നു. ഗുജറാത്തിലെ കവാസ് ഊർജ പദ്ധതിയുടെ കരാർ ഫ്രഞ്ച് കമ്പനിയായ അൽസ്തോമിന് അനുവദിച്ചതിന് പ്രത്യുപകാരമായിട്ടാണ് ഹവാല മാർഗത്തിലൂടെ ജയിൻ സഹോദരൻമാർ പണമെത്തിച്ചത്. 1990 ജനുവരിയിലാണ് അൽസ്തോമിന് കരാർ ഉറപ്പിച്ചത്. 1990 മെയ്ക്കും ആഗസ്തിനുമിടയിൽ നാല് ഗഡുവായി 6.54 കോടി രൂപ കൈമാറി. പിന്നെയും പല ഘട്ടങ്ങളിലായി ഒരു കോടി രൂപ കൈപ്പറ്റിയെന്നും കുറ്റപത്രത്തിലുണ്ട്. ഈ പണം ഉപയോഗിച്ച് ട്രക്കുകൾ അടക്കം നിരവധി വാഹനങ്ങൾ വാങ്ങിയെന്നും സയ്യദ എന്ന പേരിൽ ഡൽഹിയിൽ ലോക്കറുണ്ടെന്നും സിബിഐ പറയുന്നു.
ആരിഫ് മൊഹമ്മദ് ഖാൻ തന്റെ അടുത്ത സുഹൃത്താണെന്ന് ജയിൻ സിബിഐക്ക് നൽകിയ മൊഴിയിൽ പറയുന്നു. ഡൽഹി സുനേഹ്രിബാഗ് റോഡിലെ ആരിഫിന്റെ വസതിയിൽ എത്തിയാണ് പണം കൈമാറിയതെന്നും ഡയറിയിൽ ആരിഫിന്റെ പേര് എഎം/എഎംകെ എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും മൊഴിയി*ലുണ്ട്.