കൊച്ചി> കോവിഡ് കാലത്ത് സർക്കാർ ഇടപെടലിനെ തുടർന്ന് ഇളവ് ചെയ്ത ഫീസ് സ്വകാര്യ സ്കൂൾ മാനേജ്മെന്റ് നിർബന്ധപൂർവം രക്ഷിതാക്കളിൽനിന്ന് ഈടാക്കുന്നതായി പരാതി.
പ്ലസ്ടു പൂർത്തിയാക്കിയ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവച്ചാണ് പണം ആവശ്യപ്പെടുന്നത്. പണം നൽകാത്തവർക്ക് ടിസിയും സ്വഭാവസർട്ടിഫിക്കറ്റും നൽകില്ലെന്നാണ് കാക്കനാട് ഇടച്ചിറയിലെ പബ്ലിക് സ്കൂൾ മാനേജ്മെന്റ് രക്ഷിതാക്കളെ അറിയിച്ചത്.
ഈവർഷം പ്ലസ്ടു പാസായ നൂറ്റമ്പതോളം വിദ്യാർഥികളിൽനിന്നാണ്, ഫീസ് ഇനത്തിൽ നേരത്തേ ഇളവ് ചെയ്ത 35,000 രൂപ നിർബന്ധപൂർവം പിടിച്ചുവാങ്ങുന്നത്. 70,000 രൂപയാണ് ആദ്യവർഷത്തെ ഫീസ്. കോവിഡ് രൂക്ഷമായിരുന്നതിനാൽ ഈ വിദ്യാർഥികളുടെ പ്ലസ്വൺ പഠനം പൂർണമായി ഓൺലൈനിലായിരുന്നിട്ടും പകുതി ഫീസ് എല്ലാവരും അടച്ചിരുന്നു. കോടതിനിർദേശമുണ്ടായിരുന്നിട്ടും ആദ്യവർഷത്തെ മുഴുവൻ ഫീസും വാങ്ങാൻ മാനേജ്മെന്റ് ശ്രമിച്ചിരുന്നു. ഏതാനും രക്ഷിതാക്കൾ വിദ്യാഭ്യാസവകുപ്പിന് പരാതി നൽകിയതിനെ തുടർന്ന് മന്ത്രി ഉൾപ്പെടെ ഇടപെട്ടാണ് ഫീസ് ഇളവ് നൽകിയത്. ആ ഫീസാണ് ഇപ്പോൾ നിർബന്ധപൂർവം വാങ്ങുന്നത്.
വിദ്യാർഥികളുടെ രണ്ടാംവർഷത്തെ ഫീസ് 1,10,000 രൂപയാണ്. അത് എല്ലാവരും അടച്ചിട്ടുണ്ട്. ഒഴിവാക്കിയ ഫീസ് നൽകാതെ സർട്ടിഫിക്കറ്റുകൾ നൽകില്ലെന്ന സ്കൂൾ മാനേജ്മെന്റ് നിലപാട് വിദ്യാർഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു. മാനേജ്മെന്റിനെതിരെ വിദ്യാഭ്യാസവകുപ്പിന് പരാതി നൽകുന്നതോടൊപ്പം കോടതിയെയും സമീപിക്കാനുള്ള തീരുമാനത്തിലാണ് രക്ഷിതാക്കൾ.