ബംഗളൂരു
സ്വാതന്ത്ര്യ പ്രക്ഷോഭകാലത്ത് ജയില്‍മോചനത്തിനായി ബ്രിട്ടീഷുകാരുടെ കാലുപിടിച്ച തീവ്രഹിന്ദുത്വവാദിയായ വി ഡി സവർക്കറിന് അമാനുഷിക പരിവേഷം നൽകുന്ന ലേഖനം കർണാടകത്തിലെ പാഠപുസ്തകത്തില്‍. എട്ടാം ക്ലാസിലെ കന്നഡ രണ്ടാം പാഠപുസ്തകത്തില്‍ കെ ടി ഗട്ടി എഴുതിയ “കളവന്നു ഗെഡ്ഡവരു” (കാലത്തെ അതിജീവിച്ചവൻ) എന്ന പാഠത്തിലാണ് വിവാദ പരാമർശം.
“താക്കോല്‍ ദ്വാരം പോലുമില്ലാത്ത തടവറയിലാണ് സവര്‍ക്കറെ ബ്രിട്ടീഷുകാർ പാർപ്പിച്ചത്. എന്നാൽ, ബുൾ ബുൾ പക്ഷികള്‍ സ്ഥിരമായി സവര്‍ക്കറുടെ തടവറ സന്ദർശിച്ചു.അവയുടെ ചിറകിലേറി സവർക്കർ എല്ലാ ദിവസവും മാതൃരാജ്യത്തെ സ്പർശിച്ചിരുന്നു’ എന്നാണ് പാഠഭാഗത്തുള്ളത്. സവര്‍ക്കറുടെ ആന്തമാനിലെ ജയില്‍വാസത്തെ കുറിച്ചുള്ള ആലങ്കാരികമായ പ്രയോഗമല്ല ലേഖകന്‍ നടത്തുന്നത്. വസ്തുതാവിവരണമെന്ന മട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. പക്ഷികളുടെ ചിറകിലേറി പറക്കുന്നതെങ്ങനെയെന്ന് കുട്ടികള്‍ ചോദിച്ചാല്‍ എന്ത് മറുപടി പറയുമെന്ന് അധ്യാപകര്‍ ചോദിക്കുന്നു.
നേരത്തേ പത്താം ക്ലാസിലെ കന്നഡ പാഠപുസ്തകത്തിൽനിന്ന് ഭഗത് സിങ്ങിനെക്കുറിച്ചുള്ള പാഠം ഒഴിവാക്കി ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ പ്രസംഗം ഉൾപ്പെടുത്തിയിരുന്നു. പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര പുസ്തകത്തിൽനിന്ന് ശ്രീനാരായണഗുരു, പെരിയാർ, ടിപ്പു സുൽത്താൻ എന്നിവരെക്കുറിച്ചുള്ള പാഠവും ഒഴിവാക്കിയിരുന്നു.
കർണാടക
വിദ്യാഭ്യാസ
വകുപ്പില്‍
വന്‍ അഴിമതി
കർണാടകത്തിലെ ബിജെപി സർക്കാരിനെതിരെ വൻ അഴിമതി ആരോപണവുമായി 13,000 സ്കൂളിനെ പ്രതിനിധാനംചെയ്യുന്ന രണ്ട് സംഘടന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അംഗീകാര സർട്ടിഫിക്കറ്റ് നൽകുന്നതിന് വിദ്യാഭ്യാസ വകുപ്പ് കൈക്കൂലി ആവശ്യപ്പെടുന്നതായി പ്രൈമറി, സെക്കൻഡറി സ്കൂളുകളുടെ സംഘടനയും അൺ എയ്ഡഡ് പ്രൈവറ്റ് സ്കൂൾ മാനേജ്മെന്റുകളുടെയും സംഘടനകൾ വെളിപ്പെടുത്തി. .
വിദ്യാഭ്യാസ സംവിധാനങ്ങളുടെ ദയനീയാവസ്ഥയെക്കുറിച്ച് കേൾക്കാനും മനസ്സിലാക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും വിദ്യാഭ്യാസവകുപ്പ് തയ്യാറല്ല. രണ്ട് ബിജെപി മന്ത്രിമാർ സ്കൂളുകൾക്ക് വലിയ നഷ്ടം വരുത്തി. പുതിയ അക്കാദമിക വർഷം ആരംഭിക്കാനിരിക്കെ ഇതുവരെ പാഠപുസ്തകങ്ങൾ എത്തിയിട്ടില്ലെന്നും കത്തിൽ പറയുന്നു.