ന്യൂഡൽഹി
ജാർഖണ്ഡിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമം ചെറുക്കാനുള്ള തീവ്രശ്രമത്തിൽ മുഖ്യമന്ത്രി ഹേമന്ദ് സോറൻ. ജെഎംഎം, കോൺഗ്രസ് എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്ന് തെളിയിക്കാൻ സോറൻ ഇവരുമായി ഉല്ലാസയാത്ര നടത്തി. മുഖ്യമന്ത്രിയെ അയോഗ്യനാക്കാനുള്ള ശുപാർശ കേന്ദ്ര തെരഞ്ഞടുപ്പ് കമീഷൻ കൈമാറിയെങ്കിലും തീരുമാനം ഗസറ്റിൽ പ്രസിദ്ധീകരിക്കാതെ ഗവർണർ രമേഷ് ബൈസ് നീട്ടികൊണ്ടുപോകുകയാണ്. ബിജെപിക്ക് കുതിരക്കച്ചവടത്തിന് സമയം നൽകാനുള്ള തന്ത്രമാണിതെന്ന് ആക്ഷേപമുയര്‍ന്നു.
റാഞ്ചിയിൽ ശനി രാവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ മന്ത്രിമാരുടെയും മുന്നണി എംഎൽഎമാരുടെയും മാരത്തൺ യോഗം ചേർന്നു. പിന്നീട് ഇവർ മൂന്നു ബസിലായി മുഖ്യമന്ത്രി, പിസിസി അധ്യക്ഷൻ രജേഷ് ഠാക്കൂർ എന്നിവരുടെ നേതൃത്വത്തിൽ റാഞ്ചി നഗരത്തിൽനിന്ന് 35 കിലോമീറ്റർ അകലെയുള്ള ഖുന്തി ജില്ലയിലെ ലത്രതു അണക്കെട്ടിലേക്ക് പോയി. മുന്നണി ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാൻ എംഎൽഎമാർക്കൊപ്പം ഹേമന്ദ് സോറൻ അണക്കെട്ടിൽ ബോട്ട് സവാരി നടത്തുന്ന ചിത്രങ്ങൾ പുറത്തുവിട്ടു. മുന്നണിയിലെ 49 എംഎൽഎമാരിൽ 43പേരാണ് ഒപ്പമുള്ളത്.
ബംഗാളിൽ പണവുമായി പിടിയിലായ കോൺഗ്രസ് എംഎൽഎമാരായ ഇർഫാൻ അൻസാരി, നമാൻ ബിക്സൽ, രാജേഷ് കച്ചപ്പ് എന്നിവരും പ്രദീപ് യാദവും മംമ്ത കുമാരിയും ബസിലുണ്ടായിരുന്നില്ല. എന്നാൽ, ഇരുവരും സോറന് പിന്തുണ അറിയിച്ചു. ജെഎംഎം പ്രതിനിധി ചമ്ര ലിൻഡയും ഒപ്പമില്ല. രാത്രി വൈകി സോറനും സംഘവും റാഞ്ചിയിൽ തിരിച്ചെത്തി.ബിജെപി ഇതരകക്ഷി ഭരിക്കുന്ന ബംഗാൾ, ഛത്തീസ്ഗഢ്, ബിഹാർ എന്നിവിടങ്ങളിലേക്ക് എംഎൽമാരെ മാറ്റാനായിരുന്നു ആദ്യനീക്കം. ജാർഖണ്ഡിന്റെ ചുമതലയുള്ള അവിനാഷ് പാണ്ഡെയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംഎൽഎമാരും രാത്രി യോഗം ചേർന്നു.