കട്ടപ്പന
സഹകരണവും സഹവർത്തിത്തവുമെന്ന വിശ്വമാനവ കൊടിയടയാളമായ സപ്തവർണ പതാകകളേന്തി ആയിരക്കണക്കിന് സഹകാരികളുടെ കൂട്ടായ്മക്ക് ഹൈറേഞ്ച് തലസ്ഥാനമായ കട്ടപ്പന വേദിയായി. കുത്തകകൾക്കായി അടിയറവ് പറയില്ലെന്നും നാടിന്റെ നട്ടെല്ലായ സഹകരണപ്രസ്ഥാനത്തെ സംരക്ഷിക്കുമെന്നും പ്രതിജ്ഞയെടുത്താണ് സംസ്ഥാനത്ത് ആദ്യ ജില്ലാ സഹകാരി സംഗമത്തിന് തുടക്കംകുറിച്ചത്. സാധാരണക്കാരുടെ ജീവിതവുമായി ഇഴുകിച്ചേർന്ന് നാടിന്റെ വികസനത്തിന് ഊടുംപാവും കരുത്തും നെയ്ത് മുന്നേറുന്ന സഹകരണപ്രസ്ഥാനത്തെ ഒരു ശക്തിക്കും ഇല്ലാതാക്കാനാവില്ലെന്ന സന്ദേശംകൂടിയായി സഹകാരികളും ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേർന്ന് നടത്തിയ സഹകാരിസംഗമം. രാഷ്ട്രീയത്തിനധീതമായി ഒറ്റക്കെട്ടായാണ് സഹകരണ മേഖലയിലുള്ളവർ പങ്കെടുത്തത്. കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ ചേർന്ന സംഗമം സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്തു. രാവിലെ ഇടുക്കി കവലയിൽനിന്നും സഹകാരി റാലി ആരംഭിച്ചു. ജില്ലയുടെ എല്ലായിടങ്ങളിൽനിന്നുമുള്ള ബാങ്ക് പ്രസിഡന്റുമാർ, ഭരണസമിതിയംഗങ്ങൾ, ജീവനക്കാർ, സഹകാരികൾ, പൊതുജനങ്ങൾ തുടങ്ങി വൻജനാവലി റാലിയിൽ അണിനിരന്നു.
ഉദ്ഘാടന യോഗത്തിൽ പ്രൈമറി കോ–-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ (പാക്സ്) ജില്ലാ പ്രസിഡന്റ് കെ ദീപക് അധ്യക്ഷനായി. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. പാക്സ് ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ സ്വാഗതംപറഞ്ഞു. ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ എം എം മണി, അഡ്വ. എ രാജ, ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ സി വി വർഗീസ്, നേതാക്കളായ ഇ എം ആഗസ്തി, പ്രൊഫ. എം ജെ ജേക്കബ്, കേരള ബാങ്ക് ഡയറക്ടർബോർഡംഗം കെ വി ശശി, സഹകരണ പെൻഷൻബോർഡ് ചെയർമാൻ ആർ തിലകൻ, പാക്സ് ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.