കളമശേരി
അഭ്യസ്തവിദ്യരായ 20 ലക്ഷംപേർക്ക് നാലുവർഷത്തിനകം തൊഴിൽ നൽകുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണമന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. എല്ലാ തൊഴിലന്വേഷകർക്കും യോജിച്ച തൊഴിൽ ഉറപ്പാക്കാനായി സർക്കാർ നടപ്പാക്കുന്ന തൊഴിൽസഭ മേഖലാ പരിശീലക ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലില്ലായ്മയെ അഭിസംബോധന ചെയ്തുമാത്രമേ കേരളത്തിന് മുന്നോട്ടുപോകാൻ കഴിയൂ. കെ ഡിസ്ക് കുടുംബശ്രീയുമായി ചേർന്ന് ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതിയിൽ നടത്തിയ സർവേയിൽ 53 ലക്ഷം തൊഴിലന്വേഷകരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പട്ടികയിൽനിന്ന് 22–-40 വയസ്സിനിടയിലെ 29 ലക്ഷത്തോളംപേരെ ഡിജിറ്റൽ വർക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിലേക്ക് രജിസ്റ്റർ ചെയ്യും. ഇതിൽനിന്ന് 20 ലക്ഷംപേർക്ക് പരിശീലനം നൽകി തൊഴിലിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. തൊഴിലില്ലായ്മ പരിഹരിക്കുന്നതിലൂടെ പാവപ്പെട്ടവർക്ക് ഗുണമേന്മയോടെ ജീവിക്കാൻ കഴിയുന്ന നാടായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.
തൊഴിൽസഭയുടെ ലോഗോ മന്ത്രി എം വി ഗോവിന്ദൻ തൃശൂർ കോർപറേഷൻ മേയർ എം കെ വർഗീസിന് നൽകി പ്രകാശിപ്പിച്ചു. എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. കളമശേരി സംറ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന ശിൽപ്പശാലയിൽ മേയർ എം അനിൽകുമാർ അധ്യക്ഷനായി. ശാരദ മുരളീധരൻ, ഡോ. ജിജു പി അലക്സ്, ഡോ. പി എസ് ശ്രീകല, ഡോ. സന്തോഷ് ബാബു, ഡോ. ജോയി ഇളമൺ, ഡോ. കെ രാജേഷ്, സി നന്ദകുമാർ, പ്രവീൺ പരമേശ്വരൻ, എസ് എഡിസൺ തുടങ്ങിയവർ സംസാരിച്ചു.