ന്യൂഡൽഹി
ഗുജറാത്ത് വംശഹത്യക്കിടെ മൂന്നുവയസ്സുകാരിയായ മകളുൾപ്പെടെ ഏഴംഗകുടുംബത്തെ കൊല്ലുകയും ഗർഭിണിയായ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കുകയുംചെയ്ത 11 കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത് സർക്കാർ നടപടിക്കെതിരെ തെരുവിലിറങ്ങി രാജ്യം. “ജസ്റ്റിസ് ഫോർ ബിൽക്കിസ് ബാനു’ എന്ന പേരിൽ ഡൽഹി, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ, പുതുച്ചേരി, ചണ്ഡീഗഢ്, കർണാടക, കേരളം, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി, ആർഎസ്എസ് ആസ്ഥാനമായ നാഗ്പുർ എന്നിവിടങ്ങളിലും ആയിരങ്ങൾ തെരുവിലിറങ്ങി.
പ്രമുഖ ചലച്ചിത്രതാരം ഷബാന ആസ്മി, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, സിപിഐ എംഎൽ പൊളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണൻ, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് മൈമുന മൊള്ള എന്നിവരടക്കം നൂറുകണക്കിന് പേർ ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധവുമായെത്തി. മനുഷ്യത്വത്തിന്റെ പേരിലാണ് കുറ്റവാളികളെ വിട്ടയച്ചതെന്ന് പറയുന്നവർ ബിൽക്കിസ് ബാനുവിന്റെ മനുഷ്യത്വത്തെക്കുറിച്ച് ഓർമിച്ചോയെന്ന് ഷബാന ആസ്മി ചോദിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അടക്കം 22 സംഘടനയാണ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്.