ഇസ്ലാമാബാദ്
പാകിസ്ഥാനിലെ പ്രളയക്കെടുതിയിൽ രണ്ടുമാസത്തിനിടെ മരണം 1000 കടന്നു. 3.3 കോടി പേർ പ്രളയദുരിതത്തില്. മരിച്ചവരിൽ 350 കുട്ടികളുമുണ്ട്. ഏഴു ലക്ഷത്തിലധികം വീട് തകർന്നു. 300 കിലോമീറ്ററോളം റോഡും 150 പാലവും നശിച്ചു. സ്വാത് മേഖലയിൽമാത്രം 24 പാലം ഒലിച്ചുപോയി. 50 ഹോട്ടൽ വെള്ളത്തിനടിയില്.
പ്രളയത്തെ ദേശീയ ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറന് പ്രവിശ്യയായ ബലൂചിസ്ഥാനിലെ ഭൂരിഭാഗം പ്രദേശവും വെള്ളത്തിനടിയിലാണ്. ജൂണ് പകുതിയോടെ ആരംഭിച്ച കനത്ത മഴ ഇപ്പോഴും വിവിധ ഭാഗങ്ങളിൽ തുടരുന്നു. പ്രളയത്തിന്റെ പശ്ചാത്തലത്തില് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ബ്രിട്ടനിലേക്കുള്ള ഔദ്യോഗിക യാത്ര മാറ്റിവച്ചു. രാജ്യത്ത് സര്ക്കാര് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഐക്യരാഷ്ട്ര സംഘടനയിൽനിന്ന് കൂടുതൽ സഹായം അഭ്യർഥിച്ചു.