പനജി
ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ടിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഗോവയിലെ അഞ്ജുനയിലുള്ള കുർലീസ് റസ്റ്റോറന്റ് ഉടമ എഡ്വിൻ നൂൺസും മയക്കുമരുന്ന് കച്ചവടക്കാരന് ദത്തപ്രസാദ് ഗാവോങ്കറും അറസ്റ്റിൽ. സൊനാലി കൊല്ലപ്പെടുന്നതിന്റെ തലേദിവസം നടന്ന ആഘോഷപരിപാടിയില്‍ ഇവര്‍ പങ്കെടുത്തിരുന്നു. കേസിൽ വ്യാഴാഴ്ച അറസ്റ്റിലായ സൊനാലിയുടെ പിഎ സുധീർ സഗ്വാനെയും സുഹൃത്ത് സുഖ്വിന്ദർ വാസിയെയും 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ദത്തപ്രസാദിന്റെ കൈയിൽനിന്നാണ് സൊനാലിക്ക് കൊടുക്കാൻ മയക്കുമരുന്ന് വാങ്ങിയതെന്ന് സുധീറും സുഖ്വിന്ദറും സമ്മതിച്ചു. സുധീറും സുഖ്വിന്ദറുമാണ് മദ്യത്തിൽ മയക്കുമരുന്ന് കലർത്തി സൊനാലിയെ ബലംപ്രയോഗിച്ച് കുടിപ്പിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. അവശനിലയിലായ സൊനാലിയെ സുധീർ താങ്ങിപ്പിടിച്ച് റസ്റ്റോറന്റിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
ചൊവ്വാഴ്ചയാണ് സൊനാലിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ചത്. അതേസമയം, സൊനാലി താമസിക്കുന്ന ഗുഡ്ഗാവിലെ ഫ്ലാറ്റിന്റെ വാടകരേഖകളിൽ സുധീർ സഗ്വാനെ ഭർത്താവ് എന്നാണ് രേഖപ്പെടുത്തിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.