ന്യൂഡൽഹി
കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ കാമ്പസുകളിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പടയോട്ടം. നിരവധി കോളേജുകളിലെ ഫലം വരാനിരിക്കെ എസ്എഫ്ഐ ചരിത്രവിജയത്തിലേക്ക് നീങ്ങുന്നു. സിക്കർ ജില്ലയിലെ ദീൻദയാൽ ഉപാധ്യായ ശെഖാവതി സർവകലാശാലയിൽ എസ്എഫ്ഐ സമ്പൂർണ വിജയം കൊയ്ത് സംഘപരിവാറിന് കനത്ത ആഘാതമായി. സിക്കറിലെ 95 ശതമാനം കോളേജ് യൂണിയനും നേടിയ എസ്എഫ്ഐയുടെ മുന്നേറ്റത്തില് എബിവിപിയും എൻഎസ്യുഐയും തകർന്നടിഞ്ഞു. എസ്കെ ആർട്സ് കോളേജ്, എസ്കെ സയൻസ് കോളേജ്, റാംഘട്ട് കോളേജ്, ഫത്തേപ്പുർ എന്നിവിടങ്ങളിൽ സമ്പൂർണ വിജയം. ജുൻജുനു, ഗംഗാനഗർ, ബിക്കാനീർ, ജോധ്പുർ, ഹനുമാൻഗഡ്, ബദ്ര ജില്ലകളിലും കാവിക്കോട്ടകൾ നിലംപരിശായി.
ഗംഗാനഗർ ജില്ലയിലെ ബല്ലൂറാം ഗോധാര വനിതാ കോളേജിൽ എസ്എഫ്ഐ ആദ്യമായി യൂണിയന് പിടിച്ചു. ഭഗത്സിങ് കോളേജ്, ഗുരുഗ്രാം കോളേജ്, അനൂപ് ഘട്ട് ഗവ. കോളേജ്, എസ്കെഎം ഗർസാന കോളേജ് എന്നിവിടങ്ങില് എല്ലാ സീറ്റിലും വിജയിച്ചു. മുഖ്യമന്ത്രി അശോക് ഗെലോട്ട് പൂർവ വിദ്യാർഥിയായ ജോധ്പുരിലെ ജയ് നരൈൻ വ്യാസ് സർവകലാശാല പ്രസിഡന്റായി എസ്എഫ്ഐയുടെ അരവിന്ദ്സിങ് ഭാട്ടി ജയിച്ചു.