ചിറ്റൂർ
തത്തമംഗലം സ്വദേശി സുവീഷിനെ കൊലപ്പെടുത്തി യാക്കരപ്പുഴയിൽ തള്ളിയ കേസിൽ നാലുപേർ കൂടി അറസ്റ്റില്‍. കൊടുമ്പ് തിരുവാലത്തൂർ സ്വദേശി വി ഋഷികേശ്(21), കാടാങ്കോട് സ്വദേശികളായ എസ് ഹക്കീം (22), ആർ അജയ് (21), തിരുനെല്ലായി സ്വദേശി ടി മദൻകുമാർ (24) എന്നിവരെയാണ് ചിറ്റൂര്‍ പൊലീസ് അറസ്റ്റ്ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. സുവീഷ് കൊലക്കേസുമായി ബന്ധപ്പെട്ട എല്ലാവരേയും അറസ്റ്റ്ചെയ്തതായി ചിറ്റൂർ സിഐ ജെ മാത്യു അറിയിച്ചു. മൃതദേഹാവശിഷ്ടം സുവീഷിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഫോറന്‍സിക് പരിശോധനഫലം അടുത്ത ദിവസംവരും.
കഴിഞ്ഞദിവസം അറസ്റ്റിലായ ഷമീറലിയെ ശനിയാഴ്ച രാവിലെയും ഋഷികേശ്, ഹക്കീം, അജയ്, മദൻകുമാർ എന്നിവരെ വൈകിട്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റൊരു പ്രതി സൂരജിനെ വെള്ളിയാഴ്ച റിമാൻഡ് ചെയ്തിരുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് എസ്ഐ എം മഹേഷ്കുമാർ പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് യാക്കരപ്പുഴയുടെ ചതുപ്പിൽനിന്ന് യുവാവിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. ചിറ്റൂർ ഡിവൈഎസ്പി സി സുന്ദരന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ചതുപ്പിൽ താഴ്ത്തിയത് ഹക്കീമും സൂരജും
സുവീഷിനെ കൊലപ്പെടുത്തി പുഴയുടെ ചതുപ്പിൽ കെട്ടിത്താഴ്ത്തിയെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ്. പിടിയിലായപ്പോൾ മുഴുവൻ പ്രതികളും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുകളും പ്രതികൾക്ക് സുവീഷിനോടുള്ള വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആറ് പ്രതികൾക്കും സുവീഷിനോട് വിവിധ കാരണങ്ങളാൽ വൈരാഗ്യമുണ്ടായിരുന്നു. ജൂലൈ 19ന് വൈകിട്ട് ഹക്കീമും ഷമീറുമാണ് സുവീഷിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയത്. യാക്കരപ്പുഴയുടെ ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച് ഇവർ മർദിച്ചു. പിന്നീട് സംഘത്തിലെ ഓരോരുത്തരേയും വിളിച്ചു വരുത്തി. എല്ലാവരും ചേർന്ന് സുവീഷിനെ മർദിച്ച് അവശനാക്കി ഉപേക്ഷിച്ച് പോയി. പിറ്റേന്ന് പുലർച്ചെ ഹക്കിം സംഭവസ്ഥലത്ത് എത്തിയപ്പോൾ സുവീഷ് മരിച്ചുകിടക്കുന്നത് കണ്ടു. മൃതദേഹം ഒറ്റയ്ക്ക് മറവ് ചെയ്യാൻ ഹക്കീം ശ്രമിച്ചു. സാധിക്കാതെ വന്നതോടെ വീട്ടിൽപോയി കയർ എടുത്തുകൊണ്ടു വന്നു. തുടർന്ന് സൂരജിനെ വിളിച്ചുവരുത്തി. ഇരുവരുംചേർന്നാണ് കോൺഗ്രീറ്റിന്റെയും കരിങ്കല്ലിന്റെയും തൂണുകൾ ചേർത്തുകെട്ടി മൃതദേഹം ഒരാൾ താഴ്ചയുള്ള ചതുപ്പിൽ മറവ് ചെയ്തത്.
ലഹരി കൂട്ടുകെട്ട്
മരണത്തിലേക്ക്
നയിച്ചു
ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് സുവീഷ് അടങ്ങുന്ന ഏഴംഗസംഘം കൂട്ടുകൂടുന്നത്. എല്ലാവരുടെയും പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഹരി ഉപയോഗം, അടിപിടി തുടങ്ങി നിരവധി കേസുകളുണ്ട്. വാടകയ്ക്ക് എടുത്ത കാറുമായി സംഘം വാൽപ്പാറയിലേക്ക് യാത്ര പോയപ്പോൾ അപകടമുണ്ടായി. കാറിന്റെ അറ്റകുറ്റപ്പണിക്ക് ഭീമമായ തുകയായി. ഇതിന് സുവീഷ് കാശ് നൽകിയില്ല. ഇതിനൊപ്പം പ്രതികളുടെ വിവിധ സാധനങ്ങൾ സുവീഷ് മോഷ്ടിച്ചതായി ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതെല്ലാം വൈരാഗ്യത്തിലേക്ക് നയിച്ചു.