ന്യൂഡൽഹി
കോൺഗ്രസിന് കനത്ത ആഘാതമേല്പ്പിച്ച് മുതിർന്ന നേതാവും പ്രവർത്തകസമിതി അംഗവുമായ ഗുലാംനബി ആസാദ് പാർടിയുടെ പ്രാഥമിക അംഗത്വമടക്കം രാജിവച്ചു. കോൺഗ്രസിനെ തിരിച്ചുവരാനാകാത്തവിധം തകർത്തത് രാഹുൽഗാന്ധിയാണെന്നും അദ്ദേഹം കഴിവുകെട്ട നേതാവാണെന്നും പ്രസിഡന്റ് സോണിയ ഗാന്ധിക്കയച്ച അഞ്ചുപേജുള്ള രാജിക്കത്തിൽ തുറന്നടിച്ചു. രാഹുലിന്റെ സ്തുതിപാഠകരും പിഎമാരും സുരക്ഷാ ഗാർഡുമെല്ലാമാണ് കോൺഗ്രസിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്. അനുഭവസമ്പത്തുള്ള മുതിർന്ന നേതാക്കളെയെല്ലാം ഒതുക്കുകയാണെന്നും കത്തിൽ പറയുന്നു.
ഒന്നിച്ചുനടക്കാമെന്ന മുദ്രാവാക്യവുമായി ഭാരത്ജോഡോ യാത്രയ്ക്ക് ഒരുങ്ങുന്ന കോൺഗ്രസിന് ഗുലാംനബിയുടെ രാജി കനത്തതിരിച്ചടിയായി. കോൺഗ്രസിലെ വിമതവിഭാഗമായ ജി–-23നെ നയിക്കുന്ന ഗുലാംനബി ജമ്മു കശ്മീർ കേന്ദ്രീകരിച്ച് പുതിയ പാർടി രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചു. മറ്റ് പാർടികളിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മു -കശ്മീരിൽ രണ്ട് മുൻ മന്ത്രിമാരും നാല് മുൻ എംഎൽഎമാരുമടക്കം നിരവധി കോൺഗ്രസ് നേതാക്കൾ ഗുലാംനബിക്കുപിന്നാലെ രാജിവച്ചു. ജി–-23ലെ ആനന്ദ് ശർമ, മനീഷ് തിവാരി, ശശി തരൂർ, പൃഥ്വിരാജ് ചവാൻ, മിലിന്ദ് ദിയോറ തുടങ്ങിയവരുടെ നീക്കം നിർണായകമാകും. ജി–-23ൽ ഉൾപ്പെട്ട കപിൽ സിബൽ, ജിതിൻ പ്രസാദ, യോഗാനന്ദ് ശാസ്ത്രി തുടങ്ങിയവർ നേരത്തേ കോൺഗ്രസ് വിട്ടിരുന്നു.
പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ പൂർണമായും തട്ടിപ്പെന്ന് ബോധ്യപ്പെട്ടതോടെയാണ് ഗുലാംനബിയുടെ രാജി. ഇന്ത്യയുടെ ശരിക്കുവേണ്ടി പോരാടാനുള്ളശേഷി, കുഴലൂത്തുകാർ കാരണം കോൺഗ്രസിന് നഷ്ടമായെന്ന് രാജിക്കത്തിൽ പറഞ്ഞു. കോൺഗ്രസിലെ കൂടിയാലോചനാ സംവിധാനം രാഹുൽ തകർത്തു. 2014നുശേഷം രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പും 49ൽ 39 നിയമസഭാ തെരഞ്ഞെടുപ്പും കോൺഗ്രസ് തോറ്റു. കോൺഗ്രസിൽ റിമോട്ട്കൺട്രോൾ ഭരണമാണ്. സംഘടനാ തെരഞ്ഞെടുപ്പ് ശുദ്ധ തട്ടിപ്പാണ്. ചരടിൽ ആടുന്ന പകരക്കാരനെ നിയമിക്കാനാണ് ശ്രമം–- രാജിക്കത്തിൽ തുറന്നടിച്ചു.