തിരുവനന്തപുരം
വിപണിയിൽ ഇടപെട്ടുകൊണ്ട് ആഘോഷവേളയിലടക്കം വില നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സപ്ലൈകോ ഓണം വിപണികളുടെ സംസ്ഥാന ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനത്ത് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. എറണാകുളം, കോഴിക്കോട് ജില്ലകളിൽ മെട്രോ ഫെയറുകളും മറ്റ് ജില്ലകളിൽ ജില്ലാ ഫെയറുകളും ഇതോടനുബന്ധിച്ച് നടക്കുകയാണ്.
രാജ്യത്തെ മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് ഇപ്പോൾ ഉള്ളതെന്ന് റിസർവ് ബാങ്ക് തന്നെ സാക്ഷ്യപ്പെടുത്തുന്നു. അത്തരം ഒരു സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിർത്താൻ നടത്തുന്ന പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ ഏറ്റവും കുറവ് വിലക്കയറ്റമുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി. ഇത് പൊതുജനങ്ങൾക്കും ബോധ്യമുള്ള കാര്യമാണ്. കഴിഞ്ഞ ആറുവർഷമായി 9702 കോടി രൂപയാണ് വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ ചെലവാക്കിയത്. വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തിനുവേണ്ടിയിട്ടുള്ള നടപടികളെ ജനം ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒരു കുടുംബമോ ഒരു വ്യക്തിയോപോലും വിശന്നിരിക്കാൻ പാടില്ല എന്നുള്ളതാണ് ഗവൺമെന്റിന്റെ നിലപാട്. കോവിഡിന്റെ കാലഘട്ടത്തിൽപ്പോലും ഇത് പ്രാവർത്തികമാക്കി.
സൗജന്യ ഓണക്കിറ്റ് വിതരണം തുടങ്ങി രണ്ട് ദിവസത്തിനുള്ളിൽ 22 ലക്ഷം കിറ്റ് വിതരണം ചെയ്യാൻ സാധിച്ചത് പൊതുമേഖല സംവിധാനത്തിന്റെ ശേഷി തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിനുമുമ്പ് സ്റ്റാളുകൾ മുഖ്യമന്ത്രി സന്ദർശിച്ചു. ഓണം സമ്മാനമഴ മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനവും ഫെയറിലെ ആദ്യ വിൽപ്പനയും മുഖ്യമന്ത്രി നിർവഹിച്ചു. ഭക്ഷ്യമന്ത്രി ജി ആർ അനിൽ അധ്യക്ഷനായി.