മാഗ്നസ് കാൾസൺ ലോകചാമ്പ്യൻ മാത്രമല്ല, ചരിത്രം ദർശിച്ച എക്കാലത്തേയും കരുത്തനായ ചെസ് താരംകൂടിയാണ്. തുടർച്ചയായി അഞ്ചുതവണ ലോകചാമ്പ്യൻ. 10 വർഷത്തിലധികം ലോക ഒന്നാംനമ്പർ പദവി. ആ കാൾസണെ തുടർച്ചയായി അഞ്ചുതവണ വീഴ്ത്തിയാണ് ചെന്നൈയിലെ പതിനേഴുകാരൻ രമേശ് ബാബു പ്രഗ്നാനന്ദ ചെസ് ലോകത്തെ അമ്പരപ്പിച്ചത്.
സാധാരണ കുടുംബത്തിൽ ജനിച്ച തമിഴ് ബാലൻ കൈവരിച്ച നേട്ടങ്ങൾ ചെറുതല്ല. 10–-ാംവയസ്സിൽ ലോകത്തെ പ്രായംകുറഞ്ഞ ഇന്റർനാഷണൽ മാസ്റ്റർ, 12–-ാംവയസ്സിൽ ഗ്രാൻഡ് മാസ്റ്റർ, 14–-ാംവയസ്സിൽ ലോക അണ്ടർ 18 കിരീടം. കഴിഞ്ഞ ഫെബ്രുവരിയിൽ എയർതിങ്സ് മാസ്റ്റേഴ്സ് ടൂർണമെന്റിൽ റാപ്പിഡ് സമയക്രമത്തിൽ (ഓരോ കളിക്കാരനും 15 മിനിറ്റ് + ഓരോ നീക്കത്തിന് 10 സെക്കൻഡ് ഇൻക്രിമെന്റ്) കാൾസണെ പരാജയപ്പെടുത്തി. അതുവഴി നിലവിലെ ലോകചാമ്പ്യനെ പരാജയപ്പെടുത്തുന്ന മൂന്നാമത്തെ (വിശ്വനാഥൻ ആനന്ദിനും പി ഹരികൃഷ്ണയ്ക്കും ശേഷം) ഇന്ത്യക്കാരനായി.
മേയിൽ ഓൺലൈനായി നടന്ന ചെസ്സബ്ൾ മാസ്റ്റേഴ്സ് ടൂർണമെന്റിലും ലോകചാമ്പ്യനെ മുട്ടുകുത്തിച്ചു. ഒടുവിൽ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ് മത്സരത്തിന്റെ അന്തിമ റൗണ്ടിൽ കാൾസണുമേൽ മൂന്ന് തുടർപ്രഹരങ്ങൾ ഏൽപ്പിച്ചാണ് ചരിത്രം സൃഷ്ടിച്ചത്. ആദ്യത്തെ കളികൾ സമനിലയിലാവുകയും മൂന്നാംഗെയിം കാൾസൺ ജയിക്കുകയും ചെയ്തശേഷമാണ് പ്രഗ്നാനന്ദ സ്വപ്നതുല്യമായ തിരിച്ചുവരവ് നടത്തിയത്. നാലാംഗെയിം ജയിച്ച പ്രഗ്നാനന്ദ മത്സരം 2-–-2 ആക്കി. പിന്നീട് നടന്ന രണ്ട് ടൈബ്രേക്ക് ബ്ലിറ്റ്സ് ഗെയിമുകളിൽ (സമയക്രമം 5 മിനിറ്റ് + 3 സെക്കൻഡ്) രണ്ടും ജയിച്ച് 4––2ന്റെ അവിശ്വസനീയ ജയം.
പ്രഗ്നാനന്ദയുടെ വിജയം ഇന്ത്യൻ ചെസിലെ ഒറ്റപ്പെട്ട സംഭവമല്ല. യുവത്വത്തിന്റെ ആവേശകരമായ കുതിപ്പിന്റെ സൂചനയാണ്. മലയാളിതാരമായ നിഹാൽ സരിൻ രണ്ടുതവണ ഓൺലൈൻ മത്സരങ്ങളിൽ കാൾസണെ പരാജയപ്പെടുത്തിയിട്ടുണ്ട്. കോവിഡുകാലത്ത് നിഹാലും കാൾസണും തമ്മിൽ 100 ബുള്ളറ്റ് ഗെയിമുകൾ (ഓരോ കളിക്കാരനും ഓരോ മിനിറ്റുവീതംമാത്രം) കളിച്ചപ്പോൾ നിഹാൽ 37 എണ്ണം വിജയിച്ചു. മലയാളിയായ എസ് എൽ നാരായാണനും ഓൺലെെൻ മത്സരത്തിൽ ലോകചാമ്പ്യനെ കീഴടക്കിയിട്ടുണ്ട്.
ലോകകിരീടം നേടാൻ കെൽപ്പുള്ള ഇന്ത്യൻ യുവനിരയുടെ വേലിയേറ്റക്കാലമാണിത്. ഒളിമ്പ്യാഡിൽ സ്വർണം നേടിയ ഡി ഗുകേഷും അബുദാബി മാസ്റ്റേഴ്സ് ജയിച്ച അർജുൻ എറിഗൈസിയും അടക്കമുള്ള യുവതാരങ്ങൾ പ്രഗ്നാനന്ദയുടെ അതേ പ്രതിഭയും ഇച്ഛാശക്തിയും കൈമുതലായുള്ളവരാണ്. നിലവിൽ 2864 എന്ന റേറ്റിങ്ങോടെ ലോകത്തെ ഏറ്റവുംമികച്ച താരമായി നിൽക്കുന്നത് കാൾസൺതന്നെ. അദ്ദേഹത്തേക്കാൾ മികച്ചവരെന്ന് തെളിയിക്കാൻ ഒരു ദശാബ്ദമായി ആർക്കും കഴിഞ്ഞിട്ടില്ല. ഒറ്റപ്പെട്ട ടൂർണമെന്റുകളിലെ ചില കളികളിൽ, പ്രഗ്നാനന്ദയോടോ മറ്റു കളിക്കാരോടോ, അദ്ദേഹം പരാജയപ്പെടുന്നുണ്ട്. അതുകൊണ്ട് ആ കളിക്കാർ കാൾസണേക്കാൾ മേലെയാണെന്ന് ധരിക്കേണ്ടതില്ല. ലോക റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്ത് വരികയോ ലോകകിരീടം ചൂടുകയോ ചെയ്താൽമാത്രമേ ഏതൊരു കളിക്കാരനും താൻ കാൾസണേക്കാൾ ഉയർന്നവനെന്ന് സ്വയം തെളിയിക്കാനാവൂ.എന്നാൽ, പ്രഗ്നാനന്ദയ്ക്കും നിഹാലിനുമൊപ്പം അത്ഭുതകരമായ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന ഇന്ത്യൻ യുവനിര ഭാവിയിലെ കാൾസണ്മാരാണെന്ന മുന്നറിയിപ്പ് ചെസ് ലോകത്തിന് നൽകുന്നുണ്ട്.
ഇന്ത്യൻ യുവതാരങ്ങൾ
(പേര്, പ്രായം, രാജ്യാന്തര റേറ്റിങ്, ലോക റാങ്കിങ്)
വിദിത് ഗുജറാത്തി (27) 2714 27
ഡി ഗുകേഷ് (16) 2699 38
അർജുൻ (18) 2689 48
പ്രഗ്നാനന്ദ (17) 2661 89
നാരായണൻ (24) 2654 95
നിഹാൽ സരിൻ (18) 2651 98