ന്യൂഡൽഹി
കേരളത്തിലെ എൽഡിഎഫ് സർക്കാരിനെയും കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ ഇതുസംബന്ധിച്ച ദ ടെലഗ്രാഫ് പത്രത്തിന്റെ റിപ്പോർട്ട് പങ്കുവച്ചാണ് നിലപാട് വ്യക്തമാക്കിയത്.
പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയ പ്രതികാരം തീർക്കുകയാണെന്ന പ്രതികരണത്തോടെയാണ് റിപ്പോർട്ട് പങ്കുവച്ചത്. റെയ്ഡും കള്ളത്തെളിവുമുണ്ടാക്കിയാണ് ഏജൻസികളുടെ വ്യാജ അന്വേഷണങ്ങൾ. പതിമൂന്ന് മാസത്തിനിടയിലെ ഇത്തരം നീക്കങ്ങളാണ് റിപ്പോർട്ടിലുള്ളത്. അതേസമയം, കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളെ ബിജെപിക്കൊപ്പം പിന്തുണയ്ക്കുന്ന കേരളത്തിനുപുറമേ പഞ്ചാബ്, ഡൽഹി, ബിഹാർ, ബംഗാൾ, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിൽ ശിവസേനയ്ക്കെതിരെയും കേന്ദ്ര ഏജൻസികൾ നടത്തുന്ന നീക്കങ്ങളെയും കോൺഗ്രസ് അപലപിക്കുന്നു. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെ പൂർണമായി തള്ളുന്നതാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.