ദുബായ്
ഏഷ്യയിലെ ക്രിക്കറ്റ് ചാമ്പ്യനെ കണ്ടെത്താനുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം. ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് ആദ്യമത്സരം. ദുബായിൽ, ഇന്ത്യൻ സമയം രാത്രി 7.30ന് കളി തുടങ്ങും. ഇക്കുറി ഏഷ്യാകപ്പിൽ ട്വന്റി–-20 മത്സരമാണ്. ഇതിനുമുമ്പ് 2016ൽമാത്രമാണ് 20 ഓവർ ടൂർണമെന്റ് നടന്നത്.
കോവിഡുകാരണം പലതവണ മാറ്റിവച്ച ടൂർണമെന്റിന്, ഒടുവിലാണ് യുഎഇ വേദിയായത്. ദുബായിലും ഷാർജയിലുമാണ് മത്സരങ്ങൾ. ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്മാർ. 2018ലെ അവസാന ടൂർണമെന്റ്, ഏകദിനമത്സരമായിരുന്നു.
കളി യുഎഇയിലാണെങ്കിലും ടീമുകളുടെ കണ്ണ് ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി–20 ലോകകപ്പിലേക്കാണ്. അടുത്ത രണ്ടാഴ്ചക്കുള്ളിൽ ലോകകപ്പ് ടീമുകളെ പ്രഖ്യാപിക്കേണ്ടതുണ്ട്. അതിനാൽ കളിക്കാർക്കും നിർണായകമാണ്. ഇന്ത്യൻ ടീമിൽ വിരാട് കോഹ്-ലിക്ക് പരീക്ഷണമാണ്. കുറച്ചുകാലമായി മങ്ങിനിൽക്കുന്ന കോഹ്-ലിക്ക് ഏഷ്യാകപ്പിലും മികവ് കണ്ടെത്താനായില്ലെങ്കിൽ ലോകകപ്പ് സംശയത്തിലാകും. രോഹിത് ശർമ, ലോകേഷ് രാഹുൽ എന്നിവരുൾപ്പെടെ തിളങ്ങിയാൽ ഇന്ത്യക്ക് മുന്നേറാം. ബൗളർമാരിൽ ജസ്-പ്രീത് ബുമ്രയുടെയും ഹർഷൽ പട്ടേലിന്റെയും അഭാവം ബാധിക്കും. നാളെ പാകിസ്ഥാനുമായിട്ടാണ് ഇന്ത്യയുടെ ആദ്യമത്സരം.
ഗ്രൂപ്പ് ബിയിൽ ഇന്ന് ലങ്കയ്ക്കുമുന്നിലെത്തുന്ന അഫ്ഗാൻനിര അത്ഭുതം കാട്ടാനിടയുണ്ട്. ട്വന്റി–20യിൽ മികവുള്ള ഒരുപിടി താരങ്ങളാണ് അഫ്ഗാന്റെ ശക്തി. അതിൽ ഒന്നാമൻ സ്പിന്നർ റഷീദ് ഖാനാണ്. ഏത് വമ്പൻ ബാറ്ററെയും പരീക്ഷിക്കാൻ റഷീദിന് കഴിയും. മുഹമ്മദ് നബിയാണ് ക്യാപ്റ്റൻ.
മുൻ ഇംഗ്ലണ്ട് താരം ജൊനാതൻ ട്രോട്ടാണ് അഫ്ഗാൻ പരിശീലകൻ. ബൗളിങ്ങിലെ മികവ് ബാറ്റിങ്ങിൽ പുലർത്താൻ കഴിയാത്തത് അവർക്ക് തിരിച്ചടിയാണ്. വെെസ് ക്യാപ്റ്റൻ നജീബുള്ള സദ്രാനാണ് ബാറ്റർമാരിൽ മുന്നിൽ.
തിരിച്ചടികളിൽനിന്ന് ഉയർന്നുവരുന്ന ലങ്കയെയാണ് സമീപകാലത്ത് കണ്ടത്. പുതിയ പരിശീലകൻ ക്രിസ് സിൽവർവുഡ് അവരുടെ പോരാട്ടവീര്യം തിരികെക്കൊണ്ടുവന്നു. പ്രതിഭകളായ താരങ്ങളെ ടീമിലെത്തിക്കാനും സാധിച്ചു. ദസുൺ ഷനകയാണ് ക്യാപ്റ്റൻ. ഓൾ റൗണ്ടർ വണീന്ദു ഹസരങ്കയാണ് പ്രധാനതാരം. പതും നിസങ്ക, മഹീഷ് തീക്ഷണ എന്നീ യുവതാരങ്ങളും ലങ്കയ്ക്ക് പ്രതീക്ഷ നൽകുന്നു.
ഇന്ത്യക്കൊപ്പം പാകിസ്ഥാനും ടൂർണമെന്റിൽ കിരീടപ്പോരിൽ മുന്നിലുണ്ട്. സമീപകാലത്തെ ഏറ്റവുംമികച്ച ബാറ്ററെന്ന മികവുമായി നയിക്കുന്ന ബാബർ അസമാണ് പാകിസ്ഥാന്റെ കരുത്ത്. മുഹമ്മദ് റിസ്വാൻ, ഷദാബ് ഖാൻ, ഫഖർ സമാൻ എന്നീ മികച്ചതാരങ്ങളുമുണ്ട്. അതിനിടെ പേസർ ഷഹീൻ അഫ്രീദി പരിക്കേറ്റ് പുറത്തായത് പാകിസ്ഥാന് വലിയ തിരിച്ചടിയായി.
സ്ഥിരത പുലർത്താൻ കഴിയുന്നില്ലെങ്കിലും ബംഗ്ലാദേശും പ്രതീക്ഷയോടെയാണ് ഏഷ്യാകപ്പിനെത്തുന്നത്. ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനും ടെക്നിക്കൽ ഡയറക്ടർ ശ്രീധരൻ ശ്രീറാമിനുംകീഴിൽ പുതിയ തുടക്കം അവർ പ്രതീക്ഷിക്കുന്നു. ഹോങ്കോങ് ആണ് ആറാമത്തെ ടീം. യോഗ്യത കളിച്ചാണ് ഹോങ്കോങ് എത്തിയത്. നിസ്ഖാത് ഖാൻ നയിക്കുന്ന ടീം മൂന്ന് കളിയും ജയിച്ചു. അവസാന മത്സരത്തിൽ ആതിഥേയരായ യുഎഇയെ എട്ട് വിക്കറ്റിന് തോൽപ്പിച്ചു.
സൂപ്പർ ഫോർ മത്സരങ്ങൾക്ക് സെപ്തംബർ മൂന്നിന് തുടക്കമാകും. രണ്ട് ഗ്രൂപ്പിലെയും ആദ്യ രണ്ടുസ്ഥാനക്കാരാണ് സൂപ്പർ ഫോറിലെത്തുക. ഈ ടീമുകൾ സൂപ്പർ ഫോറിൽ പരസ്പരം ഏറ്റുമുട്ടും. അതിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ ഫെെനലിൽ കളിക്കും. സെപ്തംബർ 11നാണ് ഫെെനൽ.