ന്യൂഡൽഹി
ശത്രുസേനയുടെ രഹസ്യംചോർത്താൻ ഉപയോഗിക്കുന്ന പെഗാസസ് ചാരസോഫ്റ്റ്വെയർ സ്വന്തം പൗരർക്കുനേരെ പ്രയോഗിച്ചതില് നീതിപീഠത്തിനും രാജ്യത്തിനും മുന്നില് ഉത്തരവാദിത്തം ഏറ്റെടുക്കാന് തയ്യാറാകാത്ത കേന്ദ്രസർക്കാർ നിലപാടിനെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിച്ചു. ഇക്കാര്യം അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച സമിതി കേന്ദ്രസർക്കാർ സഹകരിച്ചില്ലെന്നാണ് അറിയിച്ചത്. കേന്ദ്രസമീപനം അംഗീകരിക്കാനാകില്ല.
‘ദേശീയ സുരക്ഷ’ ആശങ്കകളുടെ പേരിൽ പൗരരുടെ അടിസ്ഥാന അവകാശങ്ങൾ, പ്രത്യേകിച്ച് സ്വകാര്യത ഹനിക്കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ചാരസോഫ്റ്റ്വെയർ ഉന്നത ഭരണഘടനാ പദവികൾ വഹിക്കുന്നവർക്കും പ്രതിപക്ഷനേതാക്കൾക്കും മാധ്യമപ്രവർത്തകർക്കും മറ്റുമെതിരെ ദുരുപയോഗിച്ചിട്ടുണ്ടെന്നതിന്റെ വ്യക്തമായ കുറ്റസമ്മതമാണ് കേന്ദ്രത്തിന്റെ പിടിവാശിക്കുപിന്നിൽ. ജനാധിപത്യത്തിന്റെ നിലവാരവും പൗരരുടെ അവകാശങ്ങളും തകർക്കുന്ന നടപടിയാണ് ഇത്.പെഗാസസ് ആരോപണം വന്നപ്പോൾത്തന്നെ പല രാജ്യവും അന്വേഷണം തുടങ്ങി.
ഫ്രാൻസ്, മെക്സിക്കോ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം അന്വേഷണങ്ങൾ തുടരുകയാണ്. ഇന്ത്യ, ഹംഗറി, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ പെഗാസസ് വാങ്ങിയിട്ടുണ്ടെന്ന് ഇസ്രയേൽ സർക്കാരിന്റെ അന്വേഷണത്തിൽ വ്യക്തമായി. ഈ സാഹചര്യത്തിൽ വിശദീകരിക്കാനും തുറന്നുപറയാനും കേന്ദ്രസർക്കാരിന് ബാധ്യതയുണ്ട്. സർക്കാർ ഉത്തരവാദിത്വം നിർവഹിക്കുമെന്ന് നീതിപീഠം ഉറപ്പാക്കണമെന്ന് പിബി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.