ന്യൂഡൽഹി>തിരിച്ചുവരാനാകാത്ത വിധം കോണ്ഗ്രസിനെ രാഹുല് ഗാന്ധി തകര്ത്തുവെന്നും രാഷ്ട്രീയ ഇടം ബിജെപിക്ക് വിട്ടുകൊടുത്തുവെന്നും കോൺഗ്രസിൽനിന്ന് രാജിവെച്ച മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. സോണിയാ ഗാന്ധിക്ക് നൽകിയ 5 പേജുള്ള രാജിക്കത്തില് രാഹുല് ഗാന്ധിക്കെതിരെ രൂക്ഷ വിമര്ശനമാണ് കോൺഗ്രസ് ദേശീയ രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്ന ഗുലാം നബി ആസാദ് ഉന്നയിച്ചത്.
പാര്ട്ടിയിലെ കൂടിയാലോചന സംവിധാനത്തെ രാഹുല് ഗാന്ധി തകര്ത്തുവെന്നും പുതിയ ഉപജാപകവൃന്ദത്തെ സൃഷ്ടിച്ചു എന്നും വിമര്ശിക്കുന്നുണ്ട്. രാഹുലും കൂട്ടാളികളുമാണ് തീരുമാനങ്ങൾ എടുക്കുന്നത്. മുതിര്ന്നവരും പരിചയ സമ്പന്നരുമായ നേതാക്കളെ ഒതുക്കി. പക്വതയില്ലാത്ത വിധമാണ് രാഹുലിന്റെ പെരുമാറ്റം. ഒരു രാഷ്ട്രീയ പരിചയവും ഇല്ലാത്തവരുടെ കൂട്ടമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്.
2014ൽ ഭരണനഷ്ടത്തിനിടയാക്കിയതും പാർടിയുടെ തകർച്ചക്കും കാരണക്കാരൻ രാഹുൽഗാന്ധിയാണ്. നിലവിൽ രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസിന് ഭരണമുള്ളത്. 2019ലെ തെരഞ്ഞെടുപ്പിന് ശേഷം സ്ഥിതിഗതികൾ കൂടുതൽ മോശമായിയെന്നും കത്തിൽ പറയുന്നു.