ന്യൂഡൽഹി
സാമൂഹ്യപ്രവർത്തക ടീസ്ത സെതൽവാദ് ജയിലിൽ കഴിയേണ്ടതുണ്ടോയെന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതി. ടീസ്തയുടെ ജാമ്യാപേക്ഷയിൽ രണ്ട് ദിവസത്തിനുള്ളിൽ നിലപാട് അറിയിക്കാൻ ഗുജറാത്ത് സർക്കാരിനോട് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്ര മോദിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നപേരില്‍ ടീസ്തയ്ക്കെതിരെ കേസെടുത്ത് ജയിലടച്ചിരിക്കുകയാണ്. ജൂൺ 25ന് അറസ്റ്റിലായത് മുതല്‍ തടവിലാണ്.
ജാമ്യാപേക്ഷയിൽ നിലപാട് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് ഗുജറാത്ത് സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ആവശ്യപ്പെട്ടു. അടിയന്തരമായി പരിഗണിക്കേണ്ട പ്രത്യേകത കേസിനില്ലെന്നും വാദിച്ചു. ഒരാൾ കുറേനാളായി കസ്റ്റഡിയിലാണെന്നതാണ് കേസിന്റെ പ്രത്യേകതയെന്നും പറ്റിയാൽ ഇന്നുതന്നെ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ജസ്റ്റിസ് ലളിത് പ്രതികരിച്ചു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.