കേരളത്തിൽ കുട്ടികളിൽ ബാധിക്കുന്നതായി കണ്ടെത്തിയ തക്കാളിപ്പനി ഓസ്ട്രേലിയയിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് പകർച്ചവ്യാധി ഗവേഷണ കേന്ദ്രമായ കിർബി ഇൻസ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ് നൽകി.
എന്നാൽ ഓസ്ട്രേലിയയിൽ കണ്ടുവരുന്ന ഹാൻഡ്, ഫുട്ട് ആന്റ് മൗത്ത് ഡിസീസിന് സമാനമാണ് ഇതെന്നും, അധികം ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും റോയൽ ഓസ്ട്രലേഷ്യൻ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേഴ്സ് വ്യക്തമാക്കി.
കേരളത്തിൽ മേയ് മാസം മുതൽ പടർന്ന തക്കാളിപ്പനിയെക്കുറിച്ച് പ്രമുഖ ആരോഗ്യമേഖലാ പ്രസിദ്ധീകരണമായ ലാൻസറ്റ് മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ്, ഓസ്ട്രേലിയയിലേക്കും ഈ രോഗം എത്താൻ സാധ്യതയുണ്ടെന്ന് കിർബി ഇൻസ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ് നൽകിയത്.
പകർച്ചവ്യാധികൾ പടരുന്ന രീതി ആർട്ടിഫിഷ്യൻ ഇന്റലിജന്റ്സ് സംവിധാനങ്ങളുടെ സഹായത്തോടെ വിലയിരുത്തുന്ന കിർബി ഇൻസ്റ്റിറ്റ്യൂട്ടിലെ എപ്പിവാച്ച് എന്ന സംവിധാനമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
നിലവിൽ ഇന്ത്യയിൽ മാത്രമാണ് രോഗം കണ്ടെത്തിയതെങ്കിലും, ഓസ്ട്രേലിയ ഉൾപ്പെടെ മറ്റു രാജ്യങ്ങളിലേക്കും ഇത് വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന് എപ്പിവാച്ച് മേധാവി ആഷ്ലി ക്വിഗ്ലി പറഞ്ഞു.
അതിവേഗം പടരാവുന്ന തരം വൈറസാണ് ഇതെന്ന് കണ്ടെത്തിയിട്ടുള്ളതായും, അതിനാൽ രാജ്യത്തേക്ക് രോഗമെത്താനുള്ള സാധ്യതയുണ്ടെന്നുമാണ് ആഷ്ലി ക്വിഗ്ലി ചൂണ്ടിക്കാട്ടിയത്.
നിലവിൽ കേരളത്തിൽ 80ലേറെ കുട്ടികളിൽ ഇത് സ്ഥിരീകരിച്ചു എന്നാണ് ലാൻസറ്റ് റിപ്പോർട്ട് പറയുന്നത്.
ഒരു വയസിനും അഞ്ചു വയസിനും ഇടയിലുള്ള കുട്ടികളിലാണ് രോഗബാധ കണ്ടെത്തിയത്
എന്നാൽ എന്തു തരത്തിലുള്ള വൈറസാണ് ഇതെന്ന കാര്യം ഇതുവരെയും വ്യക്തമായിട്ടില്ലെന്ന് ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ പകർച്ചവ്യാധി വിദഗ്ധനായ ഡോ. സഞ്ജയ സേനാനായകെ ചൂണ്ടിക്കാട്ടി.
ചിക്കുൻഗുനിയയുമായും ഡെങ്കിപ്പനിയുമായും സമാനമായ രോഗലക്ഷണങ്ങൾ തക്കാളിപ്പനിക്കുമുണ്ടെന്ന് ലാൻസറ്റ് റിപ്പോർട്ട് തയ്യാറാക്കിയ വിക്ടോറിയ യൂണിവേഴ്സിറ്റി പ്രൊഫസർ വാസോ അപ്പസ്റ്റലോപൗലോസ് പറഞ്ഞു.
ശരീരത്തിൽ ചെറിയ കുമിളകളുണ്ടാകുകയും, അത് തക്കാളിയുടെ വലിപ്പത്തിലും സമാനമായ ചുമന്ന നിറത്തിലും വലുതാകുകയും ചെയ്യുന്നതുകൊണ്ടാണ് ഇതിനെ തക്കാളിപ്പനി എന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടാകുന്നതെന്നും, രോഗം സ്വമേധയാ മാറുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ രോഗപ്രതിരോധശേഷി കുറഞ്ഞവരിലേക്ക് വൈറസ് എത്തിയാൽ എന്താകും ഫലം എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
ഓസ്ട്രേലിയയിൽ വ്യാപകമായി കാണുന്ന ഹാൻഡ്, ഫുട്ട് ആന്റ് മൗത്ത് രോഗത്തിന് സമാനമാണ് തക്കാളിപ്പനി എന്നും ലാൻസറ്റ് മാഗസിനെ ഉദ്ധരിച്ച് റോയൽ ഓസ്ട്രലേഷ്യൻ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേഴ്സിന്റെ വൈബ്സൈറ്റ് ചൂണ്ടിക്കാട്ടി.
ഒരു പക്ഷേ ഇത് ഡെങ്കിപ്പനിയുടെയോ, ചിക്കുൻഗുനിയയുടെയോ അനന്തരഫലമാകാം എന്നും റിപ്പോർട്ട് പറയുന്നു.
അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് RACGP വ്യക്തമാക്കുന്നത്.
കടപ്പാട്: SBS മലയാളം