ഹൈദരാബാദ്
ബിജെപി എംഎൽഎ ടി രാജ സിങ്ങിന്റെ പ്രവാചകനിന്ദാ പരാമര്ശത്തില് തെലങ്കാനയിൽ വ്യാപക പ്രതിഷേധം. ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദിൽ ചൊവ്വാഴ്ച അർധരാത്രി ആരംഭിച്ച പ്രതിഷേധം വ്യാഴാഴ്ചയും തുടർന്നു. രാജ സിങ്ങിന്റെ കോലം കത്തിക്കാന് ശ്രമിച്ചവരെ പൊലീസ് അടിച്ചോടിച്ചു. പ്രതിഷേധക്കാർ കല്ലെറിഞ്ഞു. സിങ്ങിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ 30 പേരെ കസ്റ്റഡിയിലെടുത്തു. മൊഗൽപുരയിൽ പ്രതിഷേധക്കാർ പൊലീസ് വാഹനം തകർത്തു.
അതേസമയം, രാജ സിങ്ങിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തെങ്കിലും കോടതി നടപടിക്രമം ശരിയായി പാലിച്ചില്ലെന്ന് ആരോപിച്ച് കോടതി മണിക്കൂറുകൾക്കകം ജാമ്യത്തിൽ വിട്ടു. പിന്നാലെ രാജ സിങ്ങിനെ ബിജെപി സസ്പെൻഡ് ചെയ്തു.
“ബിജെപി നേതൃത്വം തന്റെ വിശദീകരണം കേട്ടശേഷം അഭിനന്ദിക്കുമെന്ന് ഉറപ്പുണ്ടെന്നും പാർടി തന്നെ കൈയൊഴിയില്ലെന്നും ടി രാജ സിങ് പറഞ്ഞു.
ബിജെപി മുൻ ദേശീയവക്താവ് നൂപുർ ശർമ ചാനൽചർച്ചയ്ക്കിടെ പ്രവാചകവിരുദ്ധ പരാമർശം നടത്തിയത് രാജ്യത്തിന്റെ നയതന്ത്രബന്ധങ്ങളെപ്പോലും പ്രതികൂലമായി ബാധിക്കുന്ന തലത്തിലേക്ക് വളർന്നിരുന്നു.
അപലപിച്ച്
പാകിസ്ഥാൻ
പ്രവാചകനെ നിന്ദിച്ച് തെലങ്കാന ബിജെപി എംഎൽഎ രാജാ സിങ് നടത്തിയ പരാമർശത്തെ അപലപിച്ച് പാകിസ്ഥാൻ. മുസ്ലിങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്ന വിധത്തിൽ ബിജെപി നേതാക്കൾ തുടർച്ചയായി പ്രസ്താവന നടത്തുന്നത് തടയാൻ കടുത്ത നടപടി എടുക്കണമെന്നും പാകിസ്ഥാന് ഇന്ത്യന് സര്ക്കാരിനോട് ആവശ്യപ്പെട്ടു. മൂന്നുമാസത്തിനിടയിൽ രണ്ടാംതവണയാണ് മുതിർന്ന ബിജെപി നേതാക്കൾ പ്രവാചകനെ അധിക്ഷേപിക്കുന്നതെന്നും പാക് വിദേശകാര്യവിഭാഗം ചൂണ്ടിക്കാട്ടി.